പരാധീനതയുടെ നടുവിലും സുരക്ഷ ഒരുക്കി മട്ടാഞ്ചേരിയിലെ അഗ്നിശമന സേന
മട്ടാഞ്ചേരി: തീരദേശ മേഖല കൂടിയായ പടിഞ്ഞാറന്‍ കൊച്ചിയുടെ അഗ്നിശമന കേന്ദ്രത്തിന് നിരത്താനുള്ളത് പരാധീനതയുടെ പട്ടികയാണെങ്കിലും കാലവര്‍ഷത്തില്‍ ആകാശം കറുക്കുമ്പോള്‍ മട്ടാഞ്ചേരിയിലെ അഗ്നിശമന സേന ഒരുങ്ങി നില്‍ക്കും.അത്യാധുനിക സംവിധാനങ്ങളുടെയും സജ്ജീകരണങ്ങളുടെയും അഭാവത്തിലും ആത്മധൈര്യം പകര്‍ന്നുള്ള രക്ഷാദൗത്യത്തില്‍ കര്‍മനിരതരായി.
നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടങ്ങളും കുറ്റന്‍ മരങ്ങളും ആഞ്ഞടിക്കുന്ന കാറ്റിലും കനത്ത മഴയിലും പെട്ട് വീഴുമ്പോള്‍ പരാധീനതകള്‍ ഇവര്‍ കണക്കാക്കുന്നില്ല. വല്ലഭന് പുല്ലും ആയുധം എന്ന പോലെ കയ്യിലുള്ള ഉപകരണങ്ങള്‍ രക്ഷാദൗത്യത്തിന് പ്രയോജനകരമാക്കും ഇവര്‍. കാലവര്‍ഷ കെടുതിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം രണ്ട് കുറ്റന്‍ മരങ്ങളടക്കം 15 വൃക്ഷങ്ങളാണ് മറിഞ്ഞു വീണത്. ഓട്ടേറെ വീടുകളും തകര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. ഇവിടെയെല്ലാം ഓടിയെത്തി അഗ്നിശമന സേന നടത്തിയ സേവനം ഏറെ പ്രശംസനീയമാണ്. പരാധീനതകള്‍ക്കിടയിലും ജനസഹകരണം ഏറെ ആശ്വാസം പകരുന്നതായി ഇവര്‍ പറയുന്നു.
അന്‍പത് വര്‍ഷത്തിലെറെ പഴക്കമുള്ള മട്ടാഞ്ചേരി ഫയര്‍ റെസ്‌ക്യു സ്റ്റേഷന് കീഴിലുള്ളത് 20 നഗരസഭാ ഡിവിഷനുകളും തീരമേഖലയായ ചെല്ലാനം കുമ്പളങ്ങി പഞ്ചായത്തുകളുമടങ്ങുന്ന ടിഞ്ഞാറന്‍കൊച്ചിയാണ്.പണ്ട് ഫോര്‍ട്ടുകൊച്ചിയിലുള്ള അഗ്‌നിശമന പരിശീലന കേന്ദ്രം അടച്ചതോടെ 40 അംഗ സംഘമാണ് 24 മണിക്കൂര്‍ സേവനവുമായി മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി ഫയര്‍സ്റ്റേഷനുകളിലെ രക്ഷാദൗത്യത്തില്‍ കര്‍മനിരതരാകുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ച വലിയ വാഹനം,ചെറിയ വാഹനം,വാട്ടര്‍ ലോറി എന്നിവയും ചെറിയ ബ്ലേഡുകളുമായുള്ള സംവിധാനമാണ് മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷനിലുള്ളത് .രാത്രികാല സേവന വേളയില്‍ വെളിച്ചത്തിനായി വലിയ ടോര്‍ച്ചോ ജനറേറ്റര്‍ സംവിധാനമോ ഇല്ലാത്തത് ഏറെ കഷ്ടതയ്ക്കും കാരണമാകുന്നു.
വൈദ്യുതി സ്തംഭിച്ചാല്‍ സ്റ്റേഷന്‍ ഇരുട്ടിലാകുന്നതും ഇടറോഡുകളിലുടെയുള്ള യാത്രയ്ക്കായി ചെറിയ വാഹനമില്ലാത്തതും അംബുലന്‍സ് സേവനമില്ലാത്തതും ജലാശയ രക്ഷാദൗത്യ സംവിധാനമില്ലാത്തതും വന്‍മരങ്ങള്‍ അറുത്തുമാറ്റുവാനുള്ള ഉപകരണ അഭാവങ്ങളും മട്ടാഞ്ചേരി ഫയര്‍സ്റ്റേഷന്റെ പരാധീനതകളുടെ പട്ടികയില്‍പ്പെടും.
ഏതു ഘട്ടത്തിലും രക്ഷാദൗത്യത്തിന് സജ്ജമാകേണ്ട അഗ്‌നിശമന അപകട സേവന സേനയ്ക്ക് വീര്യം നല്കുന്നത് മനോധൈര്യത്തിന്റെ ശക്തിയാണ്. അത്യാധുനിക സംവിധാനങ്ങളുമായുള്ള രക്ഷാദൗത്യവാഹന ലഭ്യതയ്ക്കുള്ള പ്രാര്‍ത്ഥനയാണ് സേനാംഗങ്ങളുടേത്.ഇതിന് അധികൃതരും ജനപ്രതിനിധികളും ഭരണകൂടവും കനിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."