'ആലപ്പാട്ടെ ഖനനം അവസാനിപ്പിക്കില്ല'
കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ (ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ്) രംഗത്തെത്തി.
എല്ലാ ചട്ടങ്ങളും പാലിച്ചും തീരസുരക്ഷയടക്കം പരിഗണിച്ചുമാണ് ഖനനമെന്നും ഖനനം അവസാനിപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഐ.ആര്‍.ഇ ചീഫ് ജനറല്‍ മാനേജര്‍ എസ്. സൂര്യകുമാര്‍ പറഞ്ഞു. ആലപ്പാട്ട് ജനകീയസമരം തുടങ്ങിയശേഷം ഇതാദ്യമായാണ് വിശദീകരണവുമായി ഐ.ആര്‍.ഇ രംഗത്തെത്തുന്നത്.
ഖനനം ആലപ്പാടിനെ നശിപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഖനനം നടത്തുന്നത്. ആലപ്പാട് തീരത്തോട് ചേര്‍ന്ന് കടലാക്രമണം നേരിടുന്ന ഇടങ്ങളിലെല്ലാം കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ട്.
പുലിമുട്ടുകളുടെ നിര്‍മാണം നടന്നുവരികയാണ്. ഉള്‍നാടന്‍ ജലഗതാഗതപാതക്ക് വേണ്ടിയാണ് ടി.എസ് കനാലില്‍ ഡ്രഡ്ജിങ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ആലപ്പാട്ടെ സമരക്കാരെ ആക്ഷേപിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ലെന്നും മന്ത്രി ദുര്‍വാശി ഉപേക്ഷിച്ച് പ്രസ്താവന പിന്‍വലിക്കാന്‍ തയാറാകണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രദേശവാസികള്‍ തന്നെയാണ് ആലപ്പാട്ട് സമരം ചെയ്യുന്നത്. ആലപ്പാട്ടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമരം75 ദിവസം പിന്നിട്ടതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നലെ ആലപ്പാട് സന്ദര്‍ശിക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
എന്നാല്‍, സമരം ശക്തമായിട്ടും ഖനന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ആലപ്പാട്ടെ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ ഇന്നലെ വ്യക്തമാക്കി. എന്നാല്‍, ആലപ്പാട് വിഷയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടതുമുന്നണിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രാദേശിക സി.പി.ഐ നേതൃത്വം സമരസമിതിക്കൊപ്പമാണ്. ആലപ്പാട് ഉള്‍പ്പെടുന്ന കരുനാഗപ്പള്ളി സി.പി.ഐക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. സ്ഥലം എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ സി.പി.ഐ പ്രതിനിധിയുമാണ്. മാത്രമല്ല ഖനനത്തിനെതിരേ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കിയ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ചെയര്‍മാന്‍ സി.പി.ഐ നേതാവായ മുല്ലക്കര രത്‌നാകരനാണ്. ഇതൊക്കെയാണ് സി.പി.ഐ നിലപാടിന് പിന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."