ഇന്ത്യക്ക് ഇഞ്ചുറി
ഷാര്‍ജ: പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി അവസാന നിമിഷം വരെ പിടിച്ചു നിന്ന ഇന്ത്യ പടിക്കല്‍ കലമുടച്ചു. ഇഞ്ചുറി ടൈമിലെ പെനാള്‍ട്ടിയിലൂടെ ഇന്ത്യയെ കീഴടക്കി ബഹ്‌റൈന്‍ ഏഷ്യന്‍ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ബഹ്‌റൈനോട് ഒരു ഗോളിന്റെ പരാജയവുമായി ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്നും പുറത്തായി. പ്രണായ് ഹാല്‍ഡര്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ഇന്ത്യയുടെ വിധി എഴുതിയ ഗോള്‍ പിറന്നത്. ഇന്ത്യന്‍ പ്രതീക്ഷകളെ തകിടം മറിച്ചു ജമാല്‍ റഷീദ് 136 കോടി ജനങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയിലേക്ക് ഒരു സമനില തേടി പൊരുതാനിറങ്ങിയ ഇന്ത്യ ഒടുവില്‍ തോല്‍വി വഴങ്ങി.
ഇന്ത്യ ശക്തമായി പൊരുതിയെങ്കിലും കളിയുടെ അവസാന മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ബഹ്‌റൈന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പ്രണോയ് ഹാള്‍ഡര്‍ ബഹ്‌റൈന്‍ താരത്തെ ബോക്‌സില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു. കിക്കെടുത്ത ജമാല്‍ റഷീദിന് പിഴച്ചില്ല. ഗുര്‍പ്രീത് സന്ധുവിനെ നിസാഹായനാക്കി പന്ത് കൃത്യമായി വലയിലേക്കിറങ്ങി.
ആദ്യ നിമിഷങ്ങളില്‍ ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി പ്രതിരോധനിരയില്‍ നിന്ന് അനസ് പുറത്തായി. രണ്ടാം മിനുട്ടില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് അനസിനെ പിന്‍വലിച്ചത്. പകരക്കാരനായി സലാം രഞ്ജന്‍ സിങിനെ കളത്തിലിറക്കി. പിന്നീട് പത്തുമിനുട്ട് ഇന്ത്യന്‍ താരങ്ങള്‍ പന്ത് നിയന്ത്രിക്കാനായില്ല. ബഹ്‌റൈന്‍ താരങ്ങള്‍ പന്തുമായി ഇന്ത്യന്‍ ഗോള്‍ മുഖത്ത് ഭീഷണി വിതച്ചു കൊണ്ടിരുന്നു. ശക്തമായ പ്രതിരോധം തീര്‍ത്ത് ഇന്ത്യ ഗോളടിക്കാനുള്ള ശ്രമത്തെ ചെറുത്തു. ഗോള്‍കീപ്പര്‍ സന്ധുവിന്റെ തകര്‍പ്പന്‍ സേവുകളും ആദ്യ പകുതിയില്‍ ഇന്ത്യക്ക് തുണയായി. 72 ാം മിനുട്ടില്‍ പ്രതിരോധ താരം സുബാഷിശ് ചൗധരി നല്‍കിയ മൈനസ് പന്ത് കൈ കൊണ്ട് പിടിച്ചതിന് പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്ന് റഫറി ഫ്രീകിക്ക് വിധിച്ചു. എന്നാല്‍ കിക്ക് ഇന്ത്യ തീര്‍ത്ത മതിലിലില്‍ തട്ടി തെറിച്ചതോടെയാണ് ഇന്ത്യക്ക് ശ്വാസം വീണത്. എന്നാല്‍, അതിന് അധികം ആയുസ്സുണ്ടായില്ല. ഒടുവില്‍ തോല്‍വിയുമായി ഇന്ത്യ പൊരുതി വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."