അവയവ ദാനത്തിനൊരുങ്ങി ജനപ്രതിനിധികള്‍
പറവൂര്‍: മരണനാനന്തരം ശരീരവും അവയവങ്ങളും ദാനം ചെയ്യാനൊരുങ്ങി പറവൂരിലെ ഒരുകൂട്ടം ജനപ്രതിനിധികള്‍. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും പ്രദേശവാസികളുമാണു ശരീര, അവയവ ദാനത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ 13 അംഗങ്ങളുണ്ട്. അതില്‍ ആറുപേര്‍ മരണാനന്തരം ശരീരം ഗവ. മെഡിക്കല്‍ കോളജിനു വിട്ടുനല്‍കും. രമ ശിവശങ്കരന്‍, കെ.സി രാജീവ്, എം.എ രശ്മി, എം.പി ലതി, ഹരി കണ്ടംമുറി, ടി.ഡി സുധീര്‍ എന്നവരാണു ശരീരം ദാനം ചെയ്യുന്നത്. മറ്റുള്ള ഏഴുപേര്‍ അവയവങ്ങള്‍ നല്‍കും.
ബ്ലോക്കിനു കീഴില്‍ അഞ്ചു പഞ്ചായത്തുകളുണ്ട്. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് ശരീരദാത്തിനു സമ്മതം നല്‍കി. മറ്റുനാലു പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ അവയവങ്ങള്‍ മാത്രം ദാനം ചെയ്യും.
ജനപ്രതിനിധികളുടെ തീരുമാനത്തിനു പിന്തുണയുമായി അവയവദാനത്തിന് തയാറായി സാധാരണക്കാരില്‍ ചിലരും രംഗത്തെത്തി. മരണശേഷം നശിച്ചുപോകുന്ന അവയവങ്ങള്‍ മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമാകുമെങ്കില്‍ അതു ദാനം ചെയ്യണമെന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയാണു തീരുമാനത്തിനു പിന്നിലെ ലക്ഷ്യമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി പറഞ്ഞു.
ചൊവാഴ്ച്ച രാവിലെ 10നു കൈതാരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയില്‍ ആദ്യമായി കൈപ്പത്തികള്‍ സ്വീകരിച്ച ടി.ആര്‍ മനു അവയവദാന സമ്മതപത്രം ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."