ആദിവാസി സാംസ്‌കാരിക കലാവൈവിധ്യങ്ങളുമായി കുടുംബശ്രീ 'ഗോത്രപ്പൊലിക'
കോഴിക്കോട്: പരമ്പരാഗത ഗോത്രകലകളുടെ പൈതൃകം നഷ്ടപ്പെടാന്‍ അനുവദിക്കാതെ അവ സംരക്ഷിക്കാനുള്ള ഉദ്യമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ആദിവാസി ഗോത്ര സമൂഹത്തിലെ തനതുകലകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ട്രൈബല്‍ സാംസ്‌കാരികോത്സവം ഗോത്രപൊലിക 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നുണ്ട്. ഇതോടൊപ്പം ഗോത്രവര്‍ഗ വിഭാഗങ്ങളുടെ കലാസാംസ്‌കാരിക അഭിരുചി വളര്‍ത്തുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. ജില്ലയില്‍ രൂപീകരിക്കപ്പെട്ട ട്രൈബല്‍ യുവജന ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍ വിതരണം ചെയ്തു. സുജാത മനക്കല്‍, പ്രേമന്‍ നടുക്കണ്ടി, ഷൈജു മുഹമ്മദ്, ജോസഫ് പള്ളുരുത്തി, പി.പി രഘുനാഥ്, ജെയിംസ് എടച്ചേരി, പി.എം ഗിരീഷന്‍, പി.എം രാജീവന്‍ സംസാരിച്ചു. ടി. ഗിരീഷ് കുമാര്‍ സ്വാഗതവും ക്ഷേമ കെ. തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജില്ലയിലെ പുതുപ്പാടി, വാണിമേല്‍, കോട്ടൂര്‍, പനങ്ങാട് തുടങ്ങി പത്തോളം ഗ്രാമ പഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും വിവിധ ആദിവാസി സങ്കേതങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും കലാകാരികളും പരിപാടികള്‍ അവതരിപ്പിച്ചു. തുടിതാളം, ആദിവാസി നൃത്തം, ശിങ്കാരി മേളം, നാടോടിനൃത്തം, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."