അനന്തകുമാര്‍ ഹെഗ്ഡേയുടെ പ്രസ്താവനയെ അപലപിച്ച് നിയമസഭ
തിരുവനന്തപുരം: ഗാന്ധിജിക്കെതിരേ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡേ നടത്തിയ പ്രസ്താവനയെ നിയമസഭ ഒറ്റക്കെട്ടായി അപലപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം ഉന്നയിച്ചത്. അനന്തകുമാര്‍ ഹെഗ്ഡേ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരം നാടകമാണെന്ന് പറയുന്നവര്‍ക്ക് സ്വാതന്ത്ര്യസമര പങ്കാളിത്തം തന്നെ അന്യമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടിയ ജനലക്ഷങ്ങളെ അപമാനിക്കുന്നതാണ് ഈ പ്രസ്താവന. ഒരു തിരഞ്ഞെടുപ്പ് വിജയം രാജ്യത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതാനുള്ള അനുമതിയാണെന്ന് തെറ്റിദ്ധരിക്കുന്ന ചരിത്രബോധമില്ലായ്മയാണ് രാജ്യം ഭരിക്കുന്ന കക്ഷിയും അവരുടെ പരിവാരങ്ങളും ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമര ചരിത്രത്തെയും രാഷ്ട്രപിതാവിനെയും അവഹേളിക്കുന്ന പ്രസ്താവനയ്ക്കെതിരേ സഭയുടെ ഒറ്റക്കെട്ടായ പ്രതിഷേധവും പ്രതിരോധവും അറിയിക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."