ബാലഭിക്ഷാടനത്തിനെതിരേ നടന്ന് പ്രതിരോധം തീര്‍ത്ത് ആശിഷ് ശര്‍മ
കോഴിക്കോട്: ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കൈയില്‍ ചോരയൊലിച്ച് ഭിക്ഷാടനം നടത്തിയ ഒരു കുട്ടി കണ്‍മുന്നില്‍. ദയനീയത മുറ്റിയ ആ മുഖം പിന്നെ മനസില്‍നിന്ന് മാഞ്ഞില്ല. ആ കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത് മുഴുവന്‍ ചെലവുകളും വഹിച്ചു. ഇങ്ങനെ ഇന്ത്യയുടെ തെരുവോരങ്ങളില്‍ എത്രയെത്ര പേര്‍... പിന്നീട് ഒട്ടും താമസിച്ചില്ല. തന്റെ ലൈഫ് മിഷന്‍ ബാലഭിക്ഷാടനത്തിനെതിരേ പോരാടുക എന്നതാണെന്ന് ഡല്‍ഹി സ്വദേശി ആശിഷ് ശര്‍മ തിരിച്ചറിഞ്ഞു. മള്‍ട്ടി നാഷനല്‍ കമ്പനിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ജോലി ഉപേക്ഷിച്ചു. വലിയൊരു ലക്ഷ്യവുമായി ഈ യുവാവ് ഇന്ത്യ ചുറ്റാനിറങ്ങി.
2017 ഓഗസ്റ്റ് 22ന് ജമ്മുകശ്മിരില്‍ നിന്നാരംഭിച്ച കാല്‍നട ബോധവല്‍ക്കരണം 14,497 കിലോമീറ്റര്‍ താണ്ടി ഇപ്പോള്‍ കോഴിക്കോട് ജില്ലയിലുമെത്തിയിരിക്കുകയാണ്. 17000 കിലോമീറ്റര്‍ നടന്നുകൊണ്ട് ബോധവല്‍ക്കരണം നടത്തുകയാണ് ആശിഷ് ലക്ഷ്യമിടുന്നത്.
ജില്ലാ കലക്ടര്‍ സാംബശിവ റാവുവിനെ കണ്ട് തന്റെ യാത്രയുടെ ലക്ഷ്യം അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ പലഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന കുട്ടികളെ കുറിച്ച് ഓര്‍ത്തപ്പോള്‍ തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. രാജ്യത്തെ ബാലഭിക്ഷാടനം പൂര്‍ണമായും ഇല്ലാതാവണം. ഭിക്ഷാടനരഹിത ഇന്ത്യയാണു താന്‍ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഇന്ത്യന്‍ പതാകയും മുന്‍പിലും പുറകിലും രണ്ട് ബാഗുകളുമായി ആശിഷ് യാത്ര തിരിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ എത്തുന്നതോടെ 28 സംസ്ഥാനങ്ങളിലും തന്റെ സ്വപ്നമെത്തിക്കാന്‍ ആശിഷിനു സാധിക്കും.
30 മുതല്‍ 40 കിലോമീറ്റര്‍ വരെയാണ് ഒരുദിവസം ആശിഷ് നടക്കുന്നത്. കഴിയുന്നത്ര ആളുകളെ തന്റെ ലക്ഷ്യം അറിയിക്കും. ഭിക്ഷ തേടിയെത്തുന്ന കുട്ടികള്‍ക്ക് പണമല്ല, ഭക്ഷണമാണ് നല്‍കേണ്ടതെന്നും പണം ലഭിച്ചാല്‍ കുട്ടികളില്‍ ക്രിമിനല്‍ സ്വഭാവം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ആശിഷ് ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."