ഭവനരഹിതരില്ലാത്ത മാനന്തവാടി: പദ്ധതി യാഥാര്‍ഥ്യമാകുന്നു
കല്‍പ്പറ്റ: 2020നകം എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഭവനരഹിതരില്ലാത്ത മാനന്തവാടി പദ്ധതി യാഥാര്‍ഥ്യമാകുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജന, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി ചേര്‍ന്ന് മാനന്തവാടി നഗരസഭയിലാണ് ഭവനപദ്ധതി നടപ്പാക്കുന്നത്.
2017 നവംബറില്‍ തുടങ്ങിയ പദ്ധതിയില്‍ 1325 കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. 288 കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് നൂറിലധികം ഗുണഭോക്താക്കള്‍ സ്വപ്ന ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. സംസ്ഥാനതലത്തില്‍ തന്നെ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വീട് നല്കുന്ന ആദ്യ അഞ്ചു നഗരസഭകളില്‍ മാനന്തവാടിയും ഉള്‍പ്പെടുന്നു. 53 കോടി രൂപ ആദ്യഘട്ട ചെലവ് വരുന്ന പദ്ധതിയില്‍ 26.5 കോടി രൂപ നഗരസഭയാണ് കണ്ടെത്തുന്നത്. ഇതിനായി ഹഡ്കോയി നിന്ന് വായ്പ എടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഭവനരഹിതരായ എസ്ടി വിഭാഗത്തില്‍പ്പെട്ട 367 ഗുണഭോക്താക്കള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് നല്കുന്ന വീടുകളുടെ നിര്‍മാണപ്രവര്‍ത്തനവും അന്തിമഘട്ടത്തിലാണ്. പലവിധ കാരണങ്ങളാല്‍ പ്രവൃത്തി പൂര്‍ത്തിയാവാതെ കിടന്ന 452 ഭവനങ്ങള്‍ ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തീകരിച്ചു. മാനന്തവാടി നഗരസഭയിലെ വിവിധ ഇടങ്ങളിലായി രണ്ടേക്കര്‍ 27 സെന്റ് സ്ഥലം വിവിധ വ്യക്തികളും സംഘടനകളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. നഗരസഭയില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം ജനുവരി 16നു രാവിലെ 10ന് മാനന്തവാടി നായനാര്‍ സ്മാരക ടൗണ്‍ഹാളില്‍ ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ വി.ആര് പ്രവീജ് അധ്യക്ഷനാവും. നഗരസഭയ്ക്ക് സൗജന്യമായി ലഭ്യമായ ഭൂമിയുടെ രേഖ സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."