കോഴിക്കോട് കോര്‍പറേഷനില്‍ കാമറകള്‍ സ്ഥാപിക്കും: മേയര്‍
കോഴിക്കോട്: ഭരണ ഉദ്യോഗസ്ഥതലങ്ങളിലെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷനിലെ മുഴുവന്‍ മേഖലകളിലും കാമറകള്‍ സ്ഥാപിക്കുമെന്നും, മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കംപ്യൂട്ടറുകള്‍ നല്‍കി കോര്‍പറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ . പുതിയ മേയറായി ചുമതലയേറ്റ ശേഷം കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ് ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും വ്യാപിച്ചുകിടിക്കുന്ന അഴിമതിയാണ് കോര്‍പറേഷനെതിരേയുള്ള ജനങ്ങളുടെ പ്രധാന പരാതി. അഴിമതി തടയുന്നതിന്റെ ഭാഗമായി ഓരോ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ പ്രത്യേകം യോഗം വിളിച്ചു കാര്യങ്ങള്‍ വിശദീകരിക്കും. ജനങ്ങള്‍ക്കു ന്യായമായ ഏതു വിഷയത്തിലും നീതി ലഭിച്ചില്ലെങ്കില്‍ മേയറടക്കമുള്ളവരുമായി നേരിട്ടു സംസാരിക്കാവുന്നതാണ്. നടപടിക്രമങ്ങള്‍ പാലിച്ചു സമര്‍പ്പിക്കുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഒരു വിവേചനവുമില്ലാതെ സമയബന്ധിതമായി അനുമതി നല്‍കുമെന്നും മേയര്‍ പറഞ്ഞു. അതേസമയം, ഇടനിലക്കാരെ ഒഴിവാക്കി അഴിമതി തടയുന്നതിനു ജനങ്ങളും ശ്രദ്ധിക്കണമെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
വികസിതരാജ്യങ്ങളിലെ നഗരങ്ങള്‍ക്കു സമാനമായി ശക്തമായ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കും. അരവിന്ദ്‌ഘോഷ് റോഡില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതു തടയാന്‍ ഇവിടെ ഒരു നൈറ്റ്‌വാച്ച്മാനെ നിയമിക്കും. വെസ്റ്റ്ഹില്‍ റീ സൈക്ലിങ് പാന്റ് പ്രവര്‍ത്തനം ഉടന്‍ പുനഃസ്ഥാപിക്കും. സീവേജ് സംവിധാനം ശക്തമാക്കുമെന്നും തെരുവുനായ ശല്യം തടയുന്നതിന് ഹൈക്കോടതി നിര്‍ദേശമനുസരിച്ചുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."