മിഷന് ഏകദിനം
ഹാമില്ട്ടണ്: ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ സെമിയില്‍ ന്യൂസിലന്ഡിനെതിരേ അപ്രതീക്ഷിത പരാജയമേറ്റുവാങ്ങിയ ഇന്ത്യ ഇന്ന് കണക്കു തീര്‍ക്കാന്‍ കിവീസ് മണ്ണില്‍. ടി20 മിഷന് ശേഷം ഏകദിന മിഷനും സമ്പൂര്ണമാക്കാനുറച്ചാണ് ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുക. രാവിലെ 7.30 മുതലാണ് മത്സരം.
5-0ന് ടി20 തൂത്തുവാരിയാണ് ഇന്ത്യ ഇന്ന് വീണ്ടും വൈറ്റ് വാഷിനായി ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് പരമ്പരയിലെ ആദ്യ മത്സരം ഹാമില്‍ട്ടനിലെ സെഡ്ഡല് പാര്‍ക്കില്‍ നടക്കും. അതേസമയം, പ്രധാന താരങ്ങളില്ലാതെയാണ് ഇരുകൂട്ടരും കളത്തിലിറങ്ങുക. ഇന്ത്യന്‍ ടീമില്‍ രോഹിത്തും ന്യൂസിലന്‍ഡ് ടീമില്‍ കെയിന്‍ വില്യംസണും കളിക്കില്ല. പരുക്കാണ് ഇരുവര്‍ക്കും വിനയായത്. അഞ്ചാം മത്സരത്തിനിടെ കാലിനേറ്റ പരുക്ക് രോഹിത്തിനെ പുറത്തിരുത്തിയപ്പോള്‍ തോളെല്ലിലെ പരുക്കാണ് വില്യംസനെ മാറ്റിനിര്‍ത്തിയത്. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ താരം തിരിച്ചെത്തുമെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്.പരുക്കേറ്റ താരത്തിന് പകരം ടോം ലഥാമാണ് നായകവേഷം അണിയുന്നത്.
രോഹിത്തിന്റെ അഭാവത്തില്‍ ടെസ്റ്റ്് താരം മായങ്ക് അഗര്‍വാള്‍ ഏകദിനം ഓപ്പണ്‍ ചെയ്യും.
അതേസമയം, അവസാന രണ്ട് ടി20യില്‍ നിന്നും വീട്ടുനിന്ന രവീന്ദ്ര ജഡേജയും മുഹമ്മദ് ഷാമിയും അന്തിമ ഇലവനില്‍ തിരിച്ചെത്തും. എന്നാല്‍ ഒരു സ്പെഷ്യലിസ്റ്റ് ലെഗ് സ്പിന്നറെ കളിപ്പിക്കുന്ന ഇന്ത്യ, ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ആരെ ഇറക്കുമെന്ന് കാത്തിരുന്ന കാണണം.
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഈ മത്സരത്തിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. ടി20യില്‍ വിക്കറ്റ് കാത്ത രാഹുല്‍ തന്നെ കീപ്പറായി തുടരും. ഇന്ത്യ അവസാനമായി കളിച്ച ഏഴു കളികളിലും പന്ത് കാഴ്ചക്കാരനായിരുന്നു.
ലോകകപ്പ് സെമിയിലെ പരാജയത്തിന് ശേഷം ഇന്ത്യക്ക് നല്ല കാലമാണ്. കളിച്ച രണ്ട് പരമ്പരയിലും കിരീടം. അവസാന ഏകദിനത്തില്‍ ആസ്ത്രേലിയയെ 2-1ന് പരാജയപ്പെടുത്തിയാണ് ടീം ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുന്നത്.
ലോകകപ്പിന്റെ തൊട്ടുമുന്‍പ് ന്യൂസിലന്ഡിനെതിരേ കളിച്ച പരമ്പരയിലും ഇന്ത്യക്ക് തന്നെയായിരുന്നു ആധിപത്യം. അഞ്ച് പരമ്പരകളടങ്ങുന്ന മത്സരത്തില്‍ 4-1ന് തകര്‍ത്തു.
ടി20 എന്ന പോലെ ഏകദിനത്തിലും കിവീസിനെ പരുക്ക് വിടാതെ പിന്തുടരുന്നു. വില്യംസണ് പുറമേ, നേരത്തെ ടി20യില്‍ ഇറങ്ങാതിരുന്ന ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്ഗുസന്, മാറ്റ് ഹെന്റി എന്നിവരും പുറത്താണ്.
നേരത്തേ ആസ്ത്രേലിയയ്ക്കെതിരായ ടെസ്റ്റിനിടെ പരുക്കേറ്റ ലാഥം തിരിച്ചെത്തിയതാണ് ടീമിന് പകരുന്ന ഏക ആശ്വാസം. അതേസമയം, ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ഏകദിന പരമ്പരയാണിത്.
സ്ക്വാഡ്:
ഇന്ത്യ: വിരാട് കോഹ്ലി(നായകന്), പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സെയ്നി.
ന്യൂസിലന്‍ഡ്: ടോം ലാഥം (നായകന്), മാര്ട്ടിന് ഗുപ്റ്റില്‍, റോസ് ടെയ്ലര്, കോളിന് ഡി ഗ്രാന്‍ഡ്ഹോം, ജിമ്മി നീഷാം, സ്കോട്ട് കുഗ്ലെജിന്‍, ടോം ബ്ലണ്ടല്‍, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്നര്‍, ഹാമിഷ് ബെന്നറ്റ്, ഇഷ് സോധി, ടിം സൗത്തി, കൈല്‍ ജാമിസന്, മാര്‍ക്ക് ചാപ്മാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."