ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി സ്വീകാര്യമല്ലെന്ന് ഒ.ഐ.സി
ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി സ്വീകാര്യമല്ലെന്നും ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) വ്യക്തമാക്കി. അമേരിക്കന്‍ സമാധാന പദ്ധതി വിശകലനം ചെയ്യുന്നതിന് ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് ചേര്‍ന്ന അംഗ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങള്‍ ഇല്ലാതാക്കുന്ന പദ്ധതിയിലുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്.
ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്‌റാഈലില്‍ കൂട്ടിച്ചേര്‍ക്കുന്നതിനെ ന്യായീകരിക്കുകയും ഇസ്‌റാഈലിന്റെ വാദം പൂര്‍ണതോതില്‍ അംഗീകരിക്കുകയുമാണ് അമേരിക്കന്‍ പദ്ധതി ചെയ്യുന്നതെന്ന് ഒ.ഐ.സി യോഗം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും യു.എന്‍ തീരുമാനങ്ങളുടെയും നഗ്നമായ ലംഘനമാണിത്. ഫലസ്തീനിലെയും ഫലസ്തീന്റെ ഹൃദയഭൂമിയായ ജറൂസലമിലെയും ഇസ്‌റാഈലി അധി നിവേശം അവസാനിപ്പിക്കാതെ സമഗ്രവും നീതിപൂര്‍വവുമായ സമാധാനം യാഥാര്‍ഥ്യമാകില്ല. അന്താരാഷ്ട്ര തീരുമാനങ്ങളും നിയമങ്ങളും അനുസരിച്ച് ഫലസ്തീന്റെ എക്കാലത്തെയും തലസ്ഥാനമാണ് ജറൂസലം നഗരം.
ഫലസ്തീനികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതി ന് ലക്ഷ്യമിടുന്ന നടപടികളെയും പദ്ധതികളെയും അപലപിക്കുകയാണെന്നും യോഗം പറഞ്ഞു. അമേരിക്കന്‍ പദ്ധതിയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിന് യു.എന്‍ ജനറല്‍ അസംബ്ലി അടിയന്തര യോഗം ചേരണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."