പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഇഴയുന്നു
കല്ലമ്പലം: കഴിഞ്ഞ എട്ടിന് രാവിലെ നാവായിക്കുളം വലിയ പള്ളിവളപ്പില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലിസ്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയതാകാമെന്ന് ശാസ്ത്രീയ പരിശോധനയിലൂടെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക വിലയിരുത്തലിലും പൊലിസ് ഉറപ്പിച്ച് പറയുമ്പോഴും മരിച്ചയാളാരാണെന്ന് സ്ഥിതീകരിക്കാത്തിനാല്‍ ദുരൂഹത തുടരുന്നു. അന്നേദിവസം രാവിലെ മുതല്‍ കാണാതായ കീഴാറ്റിങ്ങല്‍ സാബു വിലാസത്തില്‍ പരേതരായ സബുവിന്റെയും വത്സലയുടെയും മകന്‍ സവിന്‍ (24)ന്റെതാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹമെന്ന് പൊലിസ് ഏതാണ്ട് ഉറപ്പിച്ചെങ്കിലും സവിന്റെ ഭാര്യ ഷാനു ഉറപ്പിച്ച് പറയുന്നു ഇത് സവിനല്ലെന്ന്. നാവായിക്കുളം ഐറ്റിന്‍ച്ചിറയ്ക്ക് അമീപം വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. നാലഞ്ചു മാസത്തിനു മുന്‍പായിരുന്നു ഇവരുടെ വിവാഹം.ദുബായിലെ സ്വകാര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്ന സവിന്‍. വിവാഹത്തിനുശേഷം ദുബായില്‍ പോയിട്ട് കഴിഞ്ഞ എട്ടിന് രാവിലെയാണ് ലീവിന് തിരികെ നാട്ടിലെത്തിയത്. ഈ സമയം പനിക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് ഭാര്യ ഷാനു ചിറയിന്‍കീഴ് താലൂക്കാശൂപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഭാര്യയെ നാവായിക്കുളത്തെ വാടക വീട്ടില്‍ കൊണ്ടു വിട്ടിട്ട് പുറത്ത് പോയ സവിന്‍ ഇതുവരെ മടങ്ങി വന്നിട്ടില്ല.
തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി കാമറയില്‍ പത്തുമണിയോടെ സവിന്‍ വീട്ടില്‍ നിന്നും പുറത്തു പോകുന്ന ദൃശ്യവും ഉണ്ട്. 11 മണിയോടെ പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം സവിന്റെതാണ് എന്ന് വിശ്വസിക്കാന്‍ ഷാനുവിനാകുന്നില്ല. ഫോറന്‍സിക് പരിശോധനയില്‍ മണ്ണെണ്ണയുടെ അംശം മൃതദേഹം കിടന്ന സ്ഥലത്തെ മണ്ണില്‍ നിന്നും, ചാരത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സവിന്‍ നാവായിക്കുളത്തെ കടകളില്‍ നിന്നൊന്നും മണ്ണെണ്ണ വാങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ബന്ധുക്കള്‍ മൃതദേഹം സവിന്റെതാനെന്ന് ഉറപ്പിക്കാത്തതോടെ പൊലിസ് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹം സവിന്റെതാണോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. തിരുവന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സവിന്റെതാണോയെന്ന് ഉറപ്പില്ലാത്തതുകൊണ്ട് ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."