ശബരിമല: പുന:പരിശോധനാ ഹരജികള്‍ 22ന് പരിഗണിക്കില്ല
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധിക്ക് എതിരായ പുന:പരിശോധനാ ഹരജികളില്‍ ഈമാസം 22ന് വാദം കേള്‍ക്കില്ല. ഭരണഘടന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാലാണ് 22 ന് വാദം നടക്കാത്തത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് ഇക്കാര്യം അറിയിച്ചത്.
ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിയിലെ പുന:പരിശോധനാഹര്ജികള് 22ന് തുറന്ന കോടതിയില്‍ കേള്‍ക്കാനാണ് തീരുമാനിച്ചിരുന്നത്.
49 പുന:പരിശോധനാ ഹര്‍ജികളാണ് നേരത്തെ കോടതിയുടെ മുമ്പാകെ എത്തിയിരുന്നത്. യുവതീ പ്രവേശനത്തിനെതിരെ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. ദേവസ്വം ബോര്‍ഡിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹരജികള്‍ പരിശോധിക്കുന്നത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്, ഡി.വൈ ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."