കാരുണ്യ പദ്ധതിക്ക് മാറ്റം വരുത്തില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം:കാരുണ്യ ഉള്‍പ്പടെയുള്ള ആരോഗ്യചികിത്സാ പദ്ധതികളില്‍ യാതൊരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പദ്ധതി നിര്‍ത്തലാക്കുന്നുവെന്നത് തെറ്റിദ്ധാരണയാണ്. മുന്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 250 കോടി വിതരണം ചെയ്തിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ബില്ല് ഹാജരാക്കിയശേഷം മാത്രമാണ് പണം അനുവദിക്കുന്നത്. 25 കോടി രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്നത്. ഇപ്പോള്‍ നൂറുകോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പണം മുന്‍കൂറായി നല്‍കിയില്ലെങ്കിലും ചികിത്സ നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍,സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കിയതിന്റെ മുഴുവന്‍ ബില്ലിന്റെയും കണക്കുകള്‍ ലഭ്യമായിട്ടില്ല.
130 കോടി രൂപയുടെ ബില്ലുകള്‍ മാത്രമാണ് ഹാജരാക്കിയിട്ടുള്ളത്. മുഴുവന്‍ കണക്കുകളും ശേഖരിക്കുന്നതിനുള്ള കംപ്യൂട്ടറൈസേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കാരുണ്യ പദ്ധതിപ്രകാരം രണ്ടുലക്ഷം രൂപ വരെയാണ് ധനസഹായം കൊടുക്കാന്‍ കഴിയുക. എന്നാല്‍, മാരകരോഗങ്ങള്‍ക്ക് സൗജന്യചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. കാരുണ്യ പദ്ധതി കൂടി അതില്‍ സംയോജിപ്പിച്ചായിരിക്കും ധനസഹായം നല്‍കുക. അവധാനതയോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും മോന്‍സ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."