'സ്‌നേഹപൂര്‍വം സഹപാഠിക്ക് ' നാഥനില്ല; സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ കെട്ടിക്കിടക്കുന്നു
ചീമേനി( കാസര്‍കോട് ): പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 'സ്‌നേഹപൂര്‍വം സഹപാഠിക്ക് ' പദ്ധതിക്ക് നാഥനില്ലാത്ത അവസ്ഥ. കഴിഞ്ഞ വര്‍ഷം ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടത്തിയ 'സ്‌നേഹപൂര്‍വം സഹപാഠിക്ക് ' എന്ന പരിപാടി വന്‍വിജയമായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് 2015 ഡിസംബര്‍ ഏഴിന് സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ യോഗത്തില്‍ കേരളത്തിലെ സ്‌കൂള്‍ തലങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
പുതുവര്‍ഷദിനത്തില്‍ സ്‌കൂളുകളില്‍ 'സ്‌നേഹപൂര്‍വം സഹപാഠിക്ക് ' പരിപാടി സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകളിലേക്ക് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. ദുരിതമനുഭവിക്കുന്ന സഹപാഠികളെ സമസൃഷ്ടിയോടെ കാണാനുള്ള മനോഭാവം വിദ്യാര്‍ഥികളില്‍ വളര്‍ത്താന്‍ പദ്ധതി കൊണ്ട് ഉപകാരപ്പെടുമെന്നായിരുന്നു സര്‍ക്കുലറില്‍ പറയുന്നത്.
ഇതിനായി പുതുവര്‍ഷദിനമായ ജനുവരി ഒന്നിന് സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി കൂടി പ്രതിജ്ഞയെടുക്കാനും നിര്‍ദേശിച്ചിരുന്നു. പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി.
സര്‍ക്കുലര്‍ പ്രകാരം സ്‌കൂളുകളില്‍ ജനുവരി ഒന്നിന് പ്രത്യേക അസംബ്ലി കൂടി പ്രധാനാധ്യാപകര്‍ വിദ്യാര്‍ഥികളെ പ്രതിജ്ഞയെടുപ്പിക്കുകയും പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കിയിരുന്നു. ആഘോഷങ്ങളിലും മറ്റും മിച്ചം വരുന്ന പണം ദുരിതമനുഭവിക്കുന്ന സഹപാഠിക്കായി ജനുവരി ഒന്നു മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ക്ലാസ് തലങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്വമേധയാ ശേഖരിക്കുകയും 26ന് റിപ്പബ്ലിക് ദിന അസംബ്ലിയില്‍ വെച്ച് ക്ലാസധ്യാപകനും ക്‌ളാസ് ലീഡറും ചേര്‍ന്ന് പ്രധാനാധ്യാപകനെ ഏല്‍പിച്ചു. ഇത്തരത്തില്‍ ഓരോ സ്‌കൂളുകളിലും 5000 മുതല്‍ 30000 വരെ സമാഹരിച്ചിട്ടുണ്ട്.
ഈ കാലയളവില്‍ ശേഖരിക്കുന്ന പണത്തില്‍ നിന്നും പത്താം തരത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികളെ ജില്ലാതലത്തില്‍ 'സ്‌നേഹപൂര്‍വം എക്‌സലന്‍സി ' എന്ന പേരില്‍ ആദരിക്കുമെന്ന് പറഞ്ഞിരിന്നു.
സ്‌കൂള്‍ തലത്തില്‍ നിന്നും ശേഖരിച്ച തുക അന്നേ ദിവസം പ്രധാനാധ്യാപകന്‍ കലക്ടറെയൊ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനേയോ ഏല്‍പിക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പദ്ധതി തീരുമാനിച്ചതല്ലാതെ തുടര്‍ പരിപാടികള്‍ നടത്താന്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇത് കാരണം സ്‌കൂള്‍ തലത്തില്‍ ശേഖരിച്ച ലക്ഷക്കണക്കിന് രൂപയാണ് ആര്‍ക്കും ഉപകാരപ്പെടാതെ സ്‌കൂള്‍ ഷെല്‍ഫുകളില്‍ കെട്ടിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."