വ്രതാനുഷ്ഠാനം മുതലാളിത്ത ഉപഭോഗ സംസ്‌കാരത്തിനുള്ള മറുപടി
ഏകദേശം നാല്‍പത് വര്‍ഷം മുമ്പ് ഒരു സുഹൃത്തിനെ തേടിയാണ് മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തില്‍ എത്തുന്നത്. സ്‌കൂള്‍ മാഷ് ആയ അദ്ദേഹത്തെ ഞാന്‍ വരുമെന്ന് അറിയിച്ചിരുന്നു. ഉച്ച സമയം കഴിഞ്ഞതിനാല്‍ എനിക്ക് നല്ല വിശപ്പുമുണ്ട്. മുസ്്‌ലിം മത വിശ്വാസ പ്രകാരമുള്ള നോമ്പിനെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ല. വ്രതം എന്ന് കേട്ടാല്‍ നമ്പൂതിരി സമുദായത്തിലെ വ്രതം മാത്രമാണ് അറിയുക. വിശപ്പ് കഠിനമായപ്പോള്‍ വീട്ടുകാരോട് ഇവിടെ അടുത്ത് എവിടെയാണു ഭക്ഷണം കഴിക്കാന്‍ കടയുള്ളതെന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത് അവിടെയുള്ളത് രണ്ടോ മൂന്നോ കടയാണ്. അവ നോമ്പ് കാലമായതിനാല്‍ വൈകിട്ട് മാത്രമെ തുറക്കുകയുള്ളൂ എന്ന്. അങ്ങനെയിരിക്കുമ്പോള്‍ അവര്‍ ഒരു പാത്രത്തില്‍ ചോറും കറികളുമായി എന്റെ അടുക്കല്‍ കൊണ്ടു വന്നു. നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ലേയെന്ന് ഞാന്‍ ചോദിച്ചു. അപ്പോഴാണ് ഇസ്്‌ലാമിക വിശ്വാസ പ്രകാരമുള്ള വ്രതം പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ഉപവാസമാണെന്ന് അറിയുന്നത്. അന്നാണ് റമദാനിലെ വ്രതത്തെ കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത്.പിന്നീട് സൗദ്യ അറേബ്യയിലെ ജീവിതത്തില്‍ നോമ്പിനെ കുറിചും റമദാന്‍ മാസത്തെ കുറിചും കൂടുതല്‍ അറിയുകയായിരുന്നു. അവിടെ മുസ്്‌ലിം സുഹൃത്തുക്കള്‍ നോമ്പനുഷ്ഠിക്കുന്നതിനൊപ്പം ഞാനും നോമ്പെടുക്കും. ഉപഭോഗത്തിന്റെ തോത് കേമത്തത്തിന്റെ അളവ് കോലായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ റമദാന്‍ വ്രതം നല്‍കുന്നത് ഉപേക്ഷിക്കുക ഉപയോഗിക്കാതിരിക്കുക എന്ന വലിയൊരു സന്ദേശമാണ്. ഇത് ഇന്നത്തെ മുതലാളിത്ത ഉപഭോഗ സംസ്‌കാരത്തിനുള്ള മറുപടിയാണ്. എല്ലാ മതങ്ങളിലും ഉള്ള വ്രതങ്ങള്‍ ഉപേക്ഷിക്കലാണ്. ഓരോ മതങ്ങളിലും നോമ്പ് കാലം വ്യത്യസ്തമയ രീതിയിലാണ്.ഉപേക്ഷിക്കുക എന്നത് തന്നെയാണ് കാതല്‍. ത്യാഗം ചെയ്യാന്‍ കഴിയുന്ന മനസ്സിനെയാണ് അത് ശീലിപ്പിക്കുന്നത്. ഭക്ഷണത്തെ ആഘോഷമാക്കുന്നത് റമദാന്റെ മൂല്യങ്ങളെ പരിമിത പെടുത്തുമോ എന്ന് ചിന്തിച്ചു പോകുകയാണ്. ഞങ്ങളുടെ നമ്പൂതിരി കുടുംബങ്ങളിലൊരു ചൊല്ലുണ്ട്. ഏകാദശി ഷഷ്ടിയില്ലെങ്കില്‍ ഇല്ലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ പോകാമെന്ന്. അതായത് നാലി ദിവസത്തെ വ്രതമില്ലങ്കില്‍ ചിലവ് കുറയും. വ്രതം ചിലവേറിയതായി മാറുന്ന കാലത്തെ നാം ഭയപ്പെടണം. അത് വ്രതം നല്‍കുന്ന മഹത്തായ സന്ദേശത്തെ ഇല്ലാതാക്കുന്നതായി മാറരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."