ബുര്‍ഖയ്ക്കുള്ളില്‍ ഒളികാമറയുമായി യുവതി ഷഹീന്‍ബാഗില്‍
ന്യൂഡല്‍ഹി: ബുര്‍ഖയ്ക്കുള്ളില്‍ ഒളികാമറ വച്ച് ഷഹീന്‍ബാഗിലെ സമരപ്പന്തലിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയെ സമരക്കാര്‍ കൈയോടെ പിടികൂടി. ബുധനാഴ്ച രാവിലെ പ്രതിഷേധ നഗരിയില്‍ നിന്ന് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യൂട്യൂബര്‍ ഗുഞ്ച കപൂറിനെയാണ് സമരക്കാര്‍ പിടികൂടിയത്.
ബുര്‍ഖ ധരിച്ച് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കിടയിലെത്തിയ ഗുഞ്ചയുടെ ചോദ്യങ്ങളില്‍ സംശയം തോന്നിയ സ്ത്രീകള്‍ ബുര്‍ഖ പരിശോധിച്ചപ്പോള്‍ ഒളികാമറ കണ്ടെത്തുകയായിരുന്നു. ഗുഞ്ചയെ പിടികൂടിയതോടെ സമരപ്പന്തലില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. തുടര്‍ന്ന് പൊലിസെത്തി ഗുഞ്ചയെ സമരക്കാര്‍ക്കിടയില്‍ നിന്ന് പുറത്തെത്തിക്കുകയായിരിന്നു.
സംഭവം പ്രതിഷേധനഗരിക്കു പുറത്തു വന്‍ പ്രതിഷേധത്തിനിടയാക്കി. സോഷ്യല്‍ മീഡിയയിലും ഇതിന്റെ വിഡിയോ പങ്കുവച്ച് പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ പിടികൂടിയ യുവതിയെ പുറത്തുള്ള പ്രതിഷേധക്കാരുടെ രോഷത്തില്‍ നിന്നു സംരക്ഷിച്ച ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെയും സോഷ്യല്‍ മീഡിയ അഭിനന്ദിച്ചു.
കഴിഞ്ഞയാഴ്ച കപില്‍ ഗുജ്ജര്‍ എന്ന തീവ്രവാദി ഷഹീന്‍ബാഗില്‍ ജയ് ശ്രീറാം വിളിച്ച് വെടിയുതിര്‍ത്തിരുന്നു. ഇതിനു ശേഷം കര്‍ശനമായ നിരീക്ഷണമാണ് ഷഹീന്‍ബാഗ് മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.'റൈറ്റ് നരേറ്റീവ്' എന്ന യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തകയാണ് ഗുഞ്ച കപൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരുടെ ചാനല്‍ ട്വിറ്ററില്‍ പിന്തുടരുന്നവരില്‍ പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."