സ്വകാര്യ കുഴല്‍ക്കിണര്‍ നിര്‍മാണം നിരോധിച്ചു: കലക്ടര്‍
കാസര്‍കോട്: വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്വകാര്യ വ്യക്തികള്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതു മേയ് വരെ നിരോധിച്ചു. ജില്ലാകലക്ടറും ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയര്‍മാനുമായ കെ ജീവന്‍ബാബുവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഭൂജല വിതാനം 1.32 മീറ്ററിനും 4.25 മീറ്ററിനും ഇടയിലായി കുറഞ്ഞിട്ടുണ്ടെന്നു ഭൂജലവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ നിയമവിരുദ്ധമായും അനിയന്ത്രിതമായും കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതു ഭൂജല ചൂഷണത്തിനു കാരണമാകുന്നു. ഇതു ജലസേചനത്തിനും ഉപയോഗിക്കുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജലചൂഷണം തടയുന്നതിനാണു കുഴല്‍ക്കിണര്‍ നിര്‍മാണം നിരോധിച്ചത്.
സ്വകാര്യ കുഴല്‍കിണര്‍ നിര്‍മാണം തടയുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍, ഹൈഡ്രാളജിസ്റ്റ്, അസി. എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസറും അതിനു മുകളിലുളള റവന്യൂ ഉദ്യോഗസ്ഥര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരും അതിനു മുകളിലുളള പൊലിസുദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുടിവെള്ളത്തിനു മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചു ജില്ലാകലക്ടര്‍ ഉചിതമായ നടപടി സ്വീകരിക്കും. ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."