ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്പുള്ളതറിയാതെ സഞ്ചരിച്ചത് 11 കിലോ മീറ്റര്‍! ഒടുവില്‍ കണ്ടത് ഞെരിഞ്ഞമര്‍ന്ന് ചത്ത നിലയില്‍
കൊച്ചി: രാവിലെ വീട്ടില്‍നിന്ന് എടുത്തുവെച്ച ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്പ് ഉണ്ടെന്നറിയാതെ അധ്യാപകന്‍ സഞ്ചരിച്ചത് 11 കിലോമീറ്റര്‍. വിഷമേറിയ ശംഖുവരയന്‍ (വളവളപ്പന്‍) പാമ്പിനെയും വച്ചാണ് ഇയാള്‍ വാഹനം ഓടിച്ചത്. കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ സംസ്‌കൃതാധ്യാപകന്‍ മാമല കക്കാട് വാരിയത്ത് അച്യുതവിഹാറില്‍ കെ.എ രഞ്ജിത്താണ് പാമ്പിന്റെ കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബുധനാഴ്ച രാവിലെ 8.30ഓടെ വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കണ്ടനാട് സ്‌കൂളില്‍ ഹെല്‍മറ്റ് ധരിച്ചുകൊണ്ടു തന്നെയാണ് രഞ്ജിത്ത് ബൈക്കോടിച്ചു വന്നത്. തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി സ്‌കൂളില്‍ സംസ്‌കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. അപ്പോഴും പാമ്പ് ഉള്ളത് അറിഞ്ഞില്ല.
പിന്നീട് 11.30ന് പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പിന്റെ വാല്‍ കാണുന്നത്. തുടര്‍ന്ന് മറ്റ് അധ്യാപകരും എത്തി പരിശോധിച്ചപ്പോഴാണ്, ഹെല്‍മറ്റിനുള്ളില്‍ ഞെരിഞ്ഞ് ചത്തനിലയില്‍ പാമ്പിനെ കണ്ടത്. ഇതോടെ രഞ്ജിത്തും മറ്റുള്ളവരും ഭയന്നു. ഉടന്‍തന്നെ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് വിശദപരിശോധന നടത്തി. രക്തം പലതവണ പരിശോധിച്ചു. മുറിവോ മറ്റൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്.
വീടിന്റെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലാണു ഹെല്‍മറ്റ് തൂക്കിയിട്ടിരുന്നത്. സമീപത്തെ കാട്ടില്‍ നിന്നാകാം പാമ്പു കയറിയത് എന്നാണ് രഞ്ജിത് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."