ഖത്തറില്‍ നഴ്സിങ് കോളജ് സ്ഥാപിക്കും
ദോഹ: ഖത്തറില്‍ ദേശീയ നഴ്സിങ് കോളജ് സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് അധികൃതര്‍ വ്യക്തമാക്കി. മികച്ച നഴ്സുമാരെ വാര്‍ത്തെടുക്കുന്നതിനൊപ്പം നഴ്സിങ് രംഗത്തെ ദൗര്‍ലഭ്യം പരിഹരിക്കുകയെന്നതും പുതിയ കോളജ് രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നു. ദോഹയില്‍ നടന്ന രണ്ടാമത് ജി.സി.സി.നഴ്സിങ് സമ്മേളനത്തില്‍ എച്ച്.എം.സി നഴ്സിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.നാബില അല്മീരാണ് പുതിയ നഴ്സിങ് കോളേജ് തുറക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
നഴ്സിങ് ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിദഗ്ധ നഴ്സുമാരെ പരിശീലിപ്പിക്കാനുള്ള ശേഷിയൊരുക്കുകയെന്നതും പുതിയ കോളേജ് വിഭാവനം ചെയ്യുന്നു. ദേശീയ നഴ്സിങ് കോളേജ് എന്ന പദ്ധതി ചര്‍ച്ചയിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ പദ്ധതി സംബന്ധിച്ച് വ്യക്തത കൈവരുമെന്നും ഡോ.മീര്‍ പറഞ്ഞു. കോളജ് പദ്ധതി നടപ്പാക്കുന്നതോടെ കൂടുതല്‍ സ്വദേശി വിദ്യാര്‍ഥികളെ നഴ്സിങ് പ്രൊഫഷനിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജി.സി.സിയില്‍ സ്വതന്ത്രമായ നഴ്സിങ് ഇന്‍ഫോര്‍മാറ്റിക്സ് (എന്‍.ഐ) വകുപ്പ് രൂപീകരിക്കാന്‍ ഖത്തര്‍ നേതൃത്വം നല്‍കും. ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷന്‍, സാങ്കേതിക വിദ്യ എന്നിവയില്‍ നഴ്സുമാര്‍ക്ക് മികച്ച പരിശീലം നല്‍കുന്നതിലൂടെ ആരോഗ്യ പരിചരണ സംവിധാനവും രോഗിപരിചരണവും കൂടുതല്‍ മെച്ചപ്പെടുമെന്നും ഡോ.മീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."