മുഹമ്മദാജിയുടെ മരണം; വിട പറഞ്ഞത് പ്രദേശത്തിന്റെ ചരിത്രകാരനും കുട്ടികളുടെ കൂട്ടുകാരനും
കാവനൂര്‍: കഴിഞ്ഞ ദിവസം മരണപ്പെട്ട എളയൂര്‍ ആലുംകുണ്ടില്‍ മുഹമ്മദാജിയുടെ വിയോഗത്തോടെ കാവനൂരിനു നഷ്ടമായത് പതിറ്റാണ്ടുകാലത്തെ ചരിത്ര സൂക്ഷിപ്പുകാരനെയും കുട്ടികളുടെ പ്രിയപ്പെട്ട കളികൂട്ടുകാരനെയുമാണ്. 102 വയസായിരുന്ന മുഹമ്മദാജി നാടിന്റെ ഇടവഴികളിലൂടെ പഴയകാലത്തെ കഥകള്‍ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കി. നാടും നാട്ടു രീതികളും മാറ്റങ്ങള്‍ക്ക് വിധേയമായ ഒരു നൂറ്റാണ്ടിന്റെ ചരിത്രം ഹാജി മറ്റുള്ളവര്‍ക്കു പകര്‍ന്നു.
പ്രായത്തെ വെല്ലുന്ന ആരോഗ്യത്തോടെ ചരിത്രം രേഖപ്പെടുത്തിയ മുഹമ്മദാജി കുട്ടികളെ അതിരറ്റു സ്‌നേഹിച്ച പ്രിയപ്പെട്ട കളിക്കൂട്ടുകാരനുമായിരുന്നു. മനോഹരമായ പഴയകാല പാട്ടുകള്‍ പകര്‍ന്നുനല്‍കിയും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും കുട്ടികളുടെ പ്രിയപ്പെട്ടവനായി.
ആധികാരികമായി നാടിന്റെ ചരിത്രം അറിയാന്‍ ആഗ്രഹിച്ചവര്‍ മുഹമ്മദാജിയെയാണ് ആശ്രയിച്ചിരുന്നത്. മലബാര്‍ ലഹള പൊട്ടിപ്പുറപ്പെട്ട സമയത്ത് കാവനൂരിലും പരിസരങ്ങളിലും നടന്നിട്ടുള്ള നരനായാട്ട് ഹാജിയിലൂടെയാണു പുതു തലമുറയിലെ പലരും അറിയുന്നതു തന്നെ. കാവനൂരിലും സമീപ പ്രദേശമായ ചെമ്പ്രക്കാട്ടൂരും ബ്രിട്ടീഷ് പട്ടാളം അക്രമം അഴിച്ചു വിട്ട കഥ ഹാജി പറഞ്ഞാല്‍ ആരും ചെവി കൂര്‍പ്പിക്കും. മുഹമ്മദാജിയുടെ വിയോഗത്തോടെ അകലുന്നതു തലമുറകളെ കൂട്ടിയോജിപ്പിച്ചയാളാണെന്ന് എളയൂര്‍ ജുമാ മസ്ജിദില്‍ നടത്തിയ അനുസ്മരണത്തില്‍ ഖതീബ് ഹനീഫ ദാരിമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."