ആരാധനാലയങ്ങളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന് നിര്‍ബന്ധം
മലപ്പുറം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടു ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്ന മാര്‍ഗനിര്‍ദേശവുമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്. രജിസ്ട്രേഷന് ചെയ്യാത്തപക്ഷം ആരാധനാലയ നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
ആരാധനാലയങ്ങളിലെ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിര്‍മാണവും വിതരണവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം.
ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലിം പള്ളികള്‍ എന്നിവ കര്‍ശനമായും നിബന്ധനകള്‍ പാലിക്കണം. കൂടാതെ, ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ളയാള്‍ ഓണ്‍ലൈന്‍ വഴി തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കണം. 100 രൂപയാണ് വാര്‍ഷിക അപേക്ഷാ ഫീസ്. ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രം വാങ്ങാന്‍ ആരാധനാലയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭക്ഷണം പാകം ചെയ്യുന്നവരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുഗുണന് അറിയിച്ചു. ഫോണ്‍: 0483 2732121, 8943346190.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."