ഐലന്‍ ഒമര്‍ പോകുന്നു; ശാന്തിഭവനില്‍നിന്ന് ഇറ്റലിയിലേക്ക്
റഹീം വെട്ടിക്കാടന്‍
പുത്തനത്താണി: അനാഥനായി പിറന്ന ഐലന്‍ ഒമര്‍ രണ്ടത്താണി ശാന്തി ഭവനില്‍നിന്ന് ഇറ്റലിയിലേക്കു പോകുകയാണ്. ഇറ്റലിക്കാരായ ദമ്പതികള്‍ക്കൊപ്പമാണ് യാത്ര. ആറു ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ചൈല്‍ഡ് ലൈന്‍ വഴി രണ്ടത്താണി പൂവ്വന്‍ചിനയിലെ ശാന്തി ഭവനിലെത്തിയ ഈ പിഞ്ചോമനയെ പിരിയുന്നതില്‍ ശാന്തിഭവന്‍ അധികൃതരും വിഷമത്തിലാണ്. ഒരു വയസാണ് ഇപ്പോള്‍ കുട്ടിയുടെ പ്രായം. 2017 സെപ്റ്റംബര്‍ 22നാണ് ഐലന്‍ ഒമര്‍ പൂവ്വന്‍ചിനയിലെ ശാന്തിഭവനിലെത്തിയത്. മാനസിക വൈകല്യമുള്ള മുപ്പതുകാരി ലൈംഗിക അതിക്രമത്തിലൂടെ ഗര്‍ഭം ധരിച്ചു പ്രസവിച്ചതാണ് ഈ പിഞ്ചോമനയെ. പ്രസവ ശേഷം കുട്ടിയെ സംരക്ഷിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ശാന്തി ഭവനം ഏറ്റെടുക്കുകയായിരുന്നു. കളിച്ചും ചിരിച്ചും നടന്ന ഐലന്‍ ഒമര്‍ ഈ മാസം മുപ്പതിനാണ് ഇറ്റലിയിലേക്കു യാത്ര തിരിക്കുന്നത്. കോഴിക്കോട് സെന്റ് ജോസഫ് ഫൗണ്ടലി ഹോമില്‍ രജിസ്റ്റര്‍ ചെയ്ത ഐലന്‍ ഒമറിന്റെ യാത്രാ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കുട്ടികളില്ലാത്ത ഇറ്റലിയിലെ സ്‌കൂള്‍ അധ്യാപികയും ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരനുമായ ഭര്‍ത്താവുമാണ് ഐലന്‍ ഒമറിനെ കൊണ്ടുപോകുന്നതിനായി കേരളത്തിലെത്തുന്നത്. 2017ല്‍ അംഗീകാരം ലഭിച്ച ശാന്തി ഭവനിലെ ആദ്യത്തെ കുരുന്നാണ് ഐലന്‍. ഇപ്പോള്‍ ഇവിടെ ഒന്‍പത് പെണ്‍കുട്ടികളടക്കം 16 പേരുണ്ട്. ഐലനെ കൂടാതെ രണ്ടു കുട്ടികളെക്കൂടി ദത്തെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. എല്ലാ സൗകര്യങ്ങളുമുള്ള ഈ കേന്ദ്രത്തിനു സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി അംഗീകാരം കിട്ടാത്തതിന്റെ വിഷമത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."