കസ്തൂരിരംഗന്‍: മന്ത്രിസഭാ തീരുമാനം ഗുണം ചെയ്യുക കൈയറ്റക്കാര്‍ക്കെന്ന് റോയി.കെ.പൗലോസ്
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുളള പരിസ്ഥിതി ലോല പ്രദേശത്തിന്റെ വിസ്തീര്‍ണത്തില്‍ 886.7 ചതുശ്ര കി.മീ കുറവു വരുത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കൈയറ്റക്കാര്‍ക്ക് മാത്രമാണ് ഗുണം ചെയ്യുകയെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് റോയി.കെ.പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഈ സ്ഥലം ഇപ്പോഴും സര്‍ക്കാരിന്റെ കൈവശമുളള ഭൂമി തന്നെയാണ്. ഇത് പരിസ്ഥിതി ലോലം അല്ലാതാകുമ്പോള്‍ ഭൂമിയുടെ സുരക്ഷിതത്വം കുറയുകയും കൈയേറ്റ സാധ്യത വര്‍ധിക്കുകയും ചെയ്യും. ജോയ്‌സ് ജോര്‍ജ് എം.പിയുടെ പേരില്‍ ഉയര്‍ന്നിരിക്കുന്ന കൊട്ടക്കാമ്പൂര്‍ കൈയേറ്റത്തില്‍ ഉള്‍പ്പെടുന്ന വിവാദഭൂമിക്കും ഇത് ഗുണം ചെയ്യും. സര്‍ക്കാരിന് കഴിവുണ്ടെങ്കില്‍ 2014 മാര്‍ച്ചില്‍ യു.പി.എ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന കരട് വിജ്ഞാപനം അന്തിമവിജ്ഞാപനമാക്കി മാറ്റുകയാണ് വേണ്ടതെന്നും റോയി.കെ.പൗലോസ് പറഞ്ഞു. പുതിയ മന്ത്രിസഭാ തീരുമാനമനുസരിച്ച് ജില്ലയില്‍ പരിസ്ഥിതി ലോല പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന ഒരിടം ഇടുക്കി പദ്ധതി പ്രദേശമാണ്.
ഇവിടം പരിസ്ഥിതി ലോലമായാലും അല്ലെങ്കിലും കര്‍ഷകന് എന്ത് കുഴപ്പം. കരട് വിജ്ഞാപനത്തിലൂടെ ഒഴിവാക്കപ്പെട്ട പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമായി പരിഗണിക്കേണ്ടതില്ല എന്ന് ഹൈക്കോടതി പല വട്ടം വിധിച്ചിട്ടുളളതാണ്. ഈ വിധിക്കെതിരെ അപ്പീല്‍ പോയി ജനങ്ങളെ ചതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സി.പി.എമ്മും ജോയ്‌സ് ജോര്‍ജും കൂടി നടത്തുന്ന രാഷ്ട്രീയ തട്ടിപ്പിന് ഹൈറേഞ്ച് സംരക്ഷണ സമിതി കൂട്ടുനില്‍ക്കുകയാണ്.
സമിതിക്ക് സാമുദായിക പിന്‍ബലമുളളതുകൊണ്ട് പാവപ്പെട്ട കര്‍ഷകര്‍ അവര്‍ പറയുന്നത് വിശ്വസിക്കുന്നു. എന്നാല്‍ എല്ലാക്കാലത്തും ജനത്തിന്റെ കണ്ണില്‍പൊടിയിടാന്‍ അവര്‍ക്കാകില്ല. തട്ടിപ്പിന്റെ കൂടാരമായി മാറിയ സമിതിയുടെ തനിനിറം ജനം തിരിച്ചറിയും. അന്തിമവിജ്ഞാപനം ആവശ്യപ്പെട്ടുളള യു.ഡി.എഫ് ഹര്‍ത്താലിന് സംരക്ഷണ സമിതിയുടെ പിന്തുണ ആവശ്യമില്ല.തൊടുപുഴ നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും സി.പി.എമ്മിലെ ഒരു വിഭാഗവും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടാണ് കെട്ടിട നമ്പര്‍ നിഷേധിച്ചതിന്റെ പേരിലുളള കുടുംബത്തിന്റെ സത്യഗ്രഹത്തിനെതിരെയുളള എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നിലപാടിലൂടെ കണ്ടത്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭക്കെതിരെ ഉണ്ടായ സമരത്തിന് സി.പി.എം കൗണ്‍സിലര്‍മാര്‍ മറുപടി പറയുന്ന വിചിത്രരീതിയാണ് കണ്ടത്. വ്യക്തമായ രേഖകളുണ്ടായിട്ടും സ്‌കറിയയുടെ കെട്ടിടത്തിന് നമ്പര്‍ നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും റോയി.കെ.പൗലോസ് ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറിമാരായ കെ.പി വര്‍ഗീസ്, ടി.ജെ പീറ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."