മുന്‍ ചീഫ്ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയ രഞ്ജന്‍ ഗോഗോയിയും വിവാദക്കുരുക്കില്‍
യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: ദീപക് മിശ്ര സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരിക്കെ അദ്ദേഹം തന്നിഷ്ടം ചെയ്യുന്നുവെന്നാരോപിച്ച് വാര്‍ത്താസമ്മേളനം വിളിച്ച ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും അധികാര ദുര്‍വിനിയോഗം നടത്തുന്നതായി ആക്ഷേപം. രണ്ടു ഹൈക്കോടതി ജഡ്ജിമാരെ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്തിയ കൊളീജിയം തീരുമാനം തിരുത്തിയതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് രഞ്ജന്‍ ഗോഗോയിക്കെതിരെ ഉയരുന്നത്.
ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസ് മലയാളിയായ ജസ്റ്റിസ് രാജേന്ദ്രമേനോന്‍, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസ് പ്രദീപ് നന്ദര്‍ജോഗ് എന്നിവരെ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്തിയുള്ള തീരുമാനമാണ് തിരുത്തിയത്. ഗോഗോയിയുടെ നടപടികളെ ചോദ്യം ചെയ്ത് മുന്‍ ചീഫ് ജസ്റ്റിസുമാരും വിരമിച്ച ജഡ്ജിമാരും രംഗത്തു വന്നുകഴിഞ്ഞു.
നിലവിലെ ജഡ്ജി ജസ്റ്റിസ് എസ്.കെ കൗള്‍ ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസിനു കത്തയച്ചതോടെ വിവാദം ചൂടിപിടിച്ചു.
ചീഫ് ജസ്റ്റിസുമാരായ രാജേന്ദ്ര മേനോന്‍, പ്രദീപ് നന്ത്രജോഗ് എന്നിവരെ നിയമിക്കാനാണ് കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തത്. ഈ വിവരം മാധ്യമങ്ങളിലൂടെ വന്നതിനു പിന്നാലെ ശുപാര്‍ശ ഉപേക്ഷിക്കുകയും സീനിയോരിറ്റിയില്‍ വളരെ താഴെയുള്ള കര്‍ണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജിവ് ഖന്ന എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു.
ആദ്യ തീരുമാനം തിരുത്തിയത് ഗോഗോയ് സ്വന്തം ഇഷ്ടപ്രകാരം ചെയ്തതും കൊളീജിയത്തിലെ മറ്റംഗങ്ങളെ അറിയിക്കാത്തതും സീനിയോരിറ്റി മറികടന്ന് ദിനേശ് മഹേശ്വരിയെയും സഞ്ജിവ് ഖന്നയെയും തെരഞ്ഞെടുത്തതുമാണ് വിവാദത്തിന്നാധാരം. ജഡ്ജിമാരെ നിയമിക്കാന്‍ അധികാരമുള്ള, ചീഫ് ജസ്റ്റിസ് അധ്യക്ഷനും മുതിര്‍ന്ന അഞ്ചു ജഡ്ജിമാര്‍ അംഗങ്ങളുമായ കൊളീജിയം എടുക്കുന്ന തീരുമാനങ്ങള്‍ വൈകാതെ സുപ്രിം കോടതി വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുകയും നിയമ മന്ത്രാലയത്തിന്റെ പരിണനയ്ക്കു വിടാറുമാണ് പതിവ്. എന്നാല്‍, ഇത്തരം നടപടികള്‍ ഡിസംബര്‍ 10ലെ യോഗത്തില്‍ ഉണ്ടായതുമില്ല.
മുതിര്‍ന്ന ജഡ്ജിമാരെ നിയമിക്കാതെ മറ്റുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിലെ അസ്വാഭാവികതയാണ് ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടിയത്. സഞ്ജീവ് ഖന്നയോട് വ്യക്തിപരമായി വിദ്വേഷമില്ല, പക്ഷേ വ്യവസ്ഥ ലംഘിച്ചുള്ള ശുപാര്‍ശയില്‍ പ്രതിഷേധമുണ്ടെന്നും കൗള്‍ അറിയിച്ചു.
നീതിന്യായ സംവിധാനത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് കഴിഞ്ഞവര്‍ഷം വാര്‍ത്താസമ്മേളനം നടത്താന്‍ നേതൃത്വം നല്‍കിയ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പറഞ്ഞു. കൊളീജിയം സുതാര്യമായി പ്രവര്‍ത്തിക്കേണ്ട സ്വതന്ത്രവും നിഷ്പക്ഷവുമായ സ്ഥാപനമാണെന്നെ സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ആര്‍.എം ലോധ പറഞ്ഞു. ഇപ്പോഴത്തെ കൊളീജിയത്തിന്റെ പോക്കില്‍ നിരാശയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് എ.പി ഷാ പറഞ്ഞു.
തീരുമാനങ്ങള്‍ നിയമ മന്ത്രാലയത്തിന് അയക്കാതെയും പരസ്യപ്പെടുത്താതെയും ഇരിക്കുന്ന നടപടി തെറ്റാണെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചു. ഇതിനു വേണ്ടിയാണോ സുതാര്യത ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ചീഫ് ജസ്റ്റിസ് ഗോഗോയ് സ്വയം ചോദിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ദിനേശ് മഹേശ്വരിക്കും സഞ്ജിവ് ഖന്നക്കും സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കത്തെ ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി കൈലാഷ് ഗംഭീര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരടക്കമുള്ള 32ഓളം ജഡ്ജിമാരെ പിന്തള്ളിയാണ് ഇരുവരെയും ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്.
ദീപക് മിശ്ര ചീഫ്ജസ്റ്റിസായിരിക്കെ ചില പ്രത്യേകകേസുകളില്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുകയാണെന്നും സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ജഡ്ജിമാര്‍, സുപ്രിം കോടതിയുടെ ചരിത്രത്തിലാദ്യമായി കോടതി നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. കൊളീജിയം അംഗങ്ങളായ നാലുമുതിര്‍ന്ന ജഡ്ജിമാരും അണിനിരന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഗോഗോയ് മാത്രമാണ്. കഴിഞ്ഞവര്‍ഷം മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതിയിലേക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ കൊളീജിയം തീരുമാനം വൈകിയതിനെ ചോദ്യംചെയ്യാനും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉണ്ടായിരുന്നു.
മഹേശ്വരിയെയും സ്ജീവ് ഖന്നയെയും സുപ്രിംകോടതി ജഡ്ജിയാക്കിയുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു
ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജിവ് ഖന്ന എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. സീനിയോരിറ്റിയില്‍ വളരെതാഴെയുള്ള ഇരുവരെയും സുപ്രിംകോടതിയിലേക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം വിവാദമായിക്കൊണ്ടിരിക്കെയാണ് നടപടി. ഈ മാസം പത്തിനാണ് ഇരുവരുടെയും പേരുകള്‍ കൊളീജിയം ശുപാര്‍ശചെയ്യുന്നത്. ശുപാര്‍ശ നിയമമന്ത്രാലയം അംഗീകരിച്ച് രാഷ്ട്രപതിഭവന് അയക്കുകയും രാഷ്ട്രപതി അതിന് അംഗീകാരം നല്‍കുകയുംചെയ്തു. ആറുദിവസം കൊണ്ടാണ് ഈ നടപടികളെല്ലാം പൂര്‍ത്തിയായത്. ഇരുവരുടെയും വരവോടെ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 28 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."