ഇസ്റാഈല്‍ വെടിവയ്പ്പില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
വെസ്റ്റ്ബാങ്ക്: ഫലസ്തീന്- ഇസ്റാഈല്‍ പ്രശ്ന പരിഹാരത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു വച്ച സമാധാന കരാറില്‍ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ നടത്തിയ മാര്‍ച്ചിനു നേരെ ഇസ്റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
വെസ്റ്റ്ബാങ്കിലെ ജെനിനില്‍ നടത്തിയ വെടിവയ്പിലാണ് ഒരു പൊലിസുകാരനുള്പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടത്. ഇസ്റാഈല്‍ അധിനിവേശ സേന നടത്തിയ അക്രമത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് അധികൃതര്‍ അറിയിച്ചു. ഇസ്റാഈലിനെ ഏകപക്ഷീയമായി പിന്തുണയ്ക്കുന്ന സമാധാന കരാറാണ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത് .
പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പിനെ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. നേരത്തെ കരാര്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഇസ്റാഈല്‍ സേന വെസ്റ്റ്ബാങ്കില്‍ നടത്തിയ വെടിവയ്പില്‍ പതിനേഴുകാരന് കൊല്ലപ്പെട്ടിരുന്നു. ഇസ്റാഈല്‍ പട്ടാളത്തിനെതിരേ ബോംബെറിഞ്ഞു എന്നാരോപിച്ചായിരുന്നു ഇത്.
ട്രംപ് ഉടമ്പടിയെ ചൊല്ലി നേരത്തെ തന്നെ പ്രദേശത്ത് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെസ്റ്റ്ബാങ്കില്‍ ഇസ്റാഈല്‍ അധിനിവേശ സേന നടത്തിവരുന്ന അനധികൃത കുടിയേറ്റം പൂര്‍ണമായി അംഗീകരിക്കുന്നതാണ് ട്രംപ് സമാധാന കരാര്‍. ജറുസലേം ഇസ്റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന കരാര്‍, ഫലസ്തീന് ഭരണകൂടം പൂര്‍ണ്ണമായും തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."