നിയമവിരുദ്ധമായ രീതിയില്‍ വില്‍പന നടത്തുന്ന പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു
കുന്നംകുളം:കയ്പമംഗലം: നഗരത്തിലെ സിഗരറ്റ് വില്‍പന ശാലകളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിയമ വിരുദ്ധമായ രീതിയില്‍ വില്‍പന നടത്തുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു. ജില്ലയില്‍ 80 കേന്ദ്രങ്ങളിലായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ കുന്നംകുളത്തെത്തിയത്.
സിഗരറ്റ് പാക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനീകരമെന്ന മുന്നറിയിപ്പ് നിയമാനുസൃതം പതിക്കാതിരുന്നവയാണ് പിടിച്ചെടുത്തത്. പാക്കറ്റുകളില്‍ തൊണ്ടയില്‍ കാന്‍സര്‍ വരുന്നത് സംബന്ധിച്ചുള്ള ചിത്രം സഹിതം പാക്കറ്റിനു മുകളിലായി വരത്തക്ക രീതിയില്‍ അച്ചടിക്കണമെന്നായിരുന്നു നിയമം. ഇത് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇത്തരത്തില്‍ മുന്നറിയിപ്പില്ലാത്ത സിഗരറ്റ് പാക്കറ്റ് സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും പഴയ സ്റ്റോക്കുകള്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി പരിശോധന നടത്താന്‍ ആരോഗ്യ വിഭാഗം തീരുമാനിച്ചിരുന്നു.
നഗരത്തിലെ ചില്ലറ വില്‍പന ശാലകളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം പാക്കറ്റുകള്‍ വ്യാപകമായി കണ്ടെത്തിയതോടെ പ്രധാന മൊത്ത കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു. കച്ചവട സ്ഥാപനങ്ങളിലൊന്നും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ലെന്നതും കണ്ടെത്തി. നിയമ വിരുദ്ധമായി വില്‍പന നടത്തുന്ന സിഗരറ്റ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതായും മുന്നറിയിപ്പു ബോര്‍ഡുകള്‍ സംബന്ധിച്ച് കച്ചവടക്കാര്‍ക്ക് അറിയിപ്പു നല്‍കിയതായും ഡി.എം.ഒ ഡോ. സുശിത പറഞ്ഞു.
ഇത് ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടികള്‍ ഉണ്ടാകു മെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സിഗരറ്റ് വില്‍പന സംബന്ധിച്ചുള്ള പുതിയ നിയമം കച്ചവടക്കാര്‍ക്ക് അറിവില്ലാത്തതിനാലാണ് സംഭവിച്ചതെന്നും നിര്‍മാതാക്കളും മൊത്ത വില്‍പനക്കാരും ഇത് സംബന്ധിച്ച ചെറുകിട കച്ചവടക്കാര്‍ക്ക് അറിയിപ്പുകള്‍ നല്‍കാതിരുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായതെന്നും ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി സാക്‌സണ്‍ പറഞ്ഞു.
കേന്ദ്ര പുകയില നിരോധന നിയമ പ്രകാരം പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന.
ഇന്നലെ തൃശൂര്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയുടെ പെരിഞ്ഞനം പഞ്ചായത്തിലും അധികൃതര്‍ പരിശോധന നടത്തിയത്. ഇരുപത്തിരണ്ട് കടകളില്‍ പരിശോധന നടത്തിയ അധികൃതര്‍ മൂന്ന് കടകളില്‍ നിന്ന് മുന്നറിയിപ്പ് രേഖപ്പെടുത്താത്ത 2700 രൂപയോളം വില വരുന്ന അനധികൃത ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരം എന്നുള്ള മുന്നറിയിപ്പ് രേഖപ്പെടുത്താത്ത ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് കടകള്‍ക്കെതിരേ കോപ്ട സെക്ഷന്‍ എ പ്രകാരം കേസെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ബിന്‍ജു ജേക്കപ്പ് പറഞ്ഞു.
ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥരായ ബിന്‍ജു ജേക്കപ്പ്, കെ.രാജഗോപാല്‍, അശ്വതി വി.സി, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് ജോണ്‍സണ്‍, ഓഫിസ് ക്ലര്‍ക്ക് ലിജി ഇ.വി എന്നിവര്‍ പരിശോധനക്ക് നേതൃതം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."