ഐ.എസ്.എല്‍ രണ്ടാംഘട്ട ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു: ബ്ലാസ്റ്റേഴ്‌സ്-എ.ടി.കെ പോരാട്ടം 25ന് കൊച്ചിയില്‍
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഈ മാസം 25ന് വീണ്ടും തുടക്കമാവും. 25ന് കേരള ബ്ലാസ്റ്റേഴ്‌സ്-എ.ടി.കെ പോരാട്ടത്തോടെയാണ് ഇടവേളയ്ക്ക് ശേഷം ഐ.എസ്.എല്‍ പുനരാരംഭിക്കുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് മൂന്ന് വരെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ നടക്കും. ദ്വിപാദ പ്ലേ ഓഫ്, ഫൈനല്‍ പോരാട്ടങ്ങളുടെ തിയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല. 30 മത്സരങ്ങളാണ് ഇനി ഗ്രൂപ്പ് തലത്തില്‍ നടക്കാനുള്ളത്. ഏഷ്യന്‍ കപ്പ് മുന്‍നിര്‍ത്തിയാണ് ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് ഇടവേള നല്‍കിയത്. ജനുവരി ട്രാന്‍സ്ഫറില്‍ കൊണ്ടു വന്ന പുതിയ വിദേശ, സ്വദേശി താരങ്ങളെയുമായാണ് മിക്ക ക്ലബുകളും പോരാട്ടത്തിനിറങ്ങുന്നത്.
ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ തോറ്റ് പുറത്തായതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ താരങ്ങള്‍ ക്ലബുകളിലേക്ക് എത്തി തുടങ്ങും. നിലവില്‍ ബംഗളുരു എഫ്.സിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ നിന്നും ബംഗളൂരു 27 പോയിന്റ് നേടി. 12 മത്സരങ്ങളില്‍ നിന്നായി 24 പോയിന്റ് നേടിയ മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. എഫ്.സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമാണ് മൂന്നും നാലും സ്ഥാനത്ത്. 11 കളികള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്‍പത് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
എഫ്.സി ഗോവയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെറാന്‍ കൊറോമിനസാണ് ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ മുന്നില്‍. ഇതുവരെ 10 ഗോളുകള്‍ കൊറോമിനസ് നേടി കഴിഞ്ഞു. 10 മത്സരങ്ങളില്‍ നിന്നായി 10 ഗോളുകള്‍ നേടിയ കൊറോമിനസ് അഞ്ച് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. മുംബൈ സിറ്റി എഫ്.സിയുടെ മധ്യനിരക്കാരനായ സെനഗല്‍ താരം മോഡു സോഗുവാണ് രണ്ടാമത്. 12 മത്സരങ്ങളില്‍ നിന്നായി മോഡു ഒന്‍പത് ഗോളുകള്‍ നേടി.
ഗോള്‍ഡന്‍ ഗ്ലൗ പോരാട്ടത്തില്‍ മുംബൈ എഫ്.സിയുടെ അമരീന്ദര്‍ സിങാണ് മുന്നില്‍. 34 സേവുകളുമായാണ് അമരീന്ദ്രന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 31 സേവുകളുമായി പൂനെ സിറ്റി എഫ്.സിയുടെ കമല്‍ജിത് സിങ്, ഡല്‍ഹി ഡൈനാമോസിന്റെ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസോ ഡൊറോന്‍സോരോ, എഫ്.സി ഗോവയുടെ മുഹമ്മദ് നവാസ് എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത്. അഞ്ചാം സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് എഫ്.സി ഗോവയാണ്. 27 ഗോളുകകളാണ് ഗോവ എതിരാളികള്‍ക്ക് സമ്മാനിച്ചത്. 21 ഗോളുകളുമായി ജംഷഡ്പൂര്‍ എഫ്.സി രണ്ടാമതും 20 ഗോളുമായി മുംബൈ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്.സിയുടെ സമ്പാദ്യം 18 ഗോളുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."