കേളി ഇടപെടൽ, തുടർ ചികിൽസക്കായി തുളസീധരനെ നാട്ടിലെത്തിച്ചു
റിയാദ് : വയറു വേദനയെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ തിരുവനന്തപുരം വെമ്പായം സ്വദേശി തുളസീധരനെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ പതിനാലു വർഷമായി റിയാദിൽ ടൈൽസ് ജോലി ചെയ്തു വരുന്ന തുളസീധരൻ വയറു വേദന കഠിനമായതിനെ തുടർന്ന് കഴിഞ്ഞ മാസം റിയാദ് ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാകുകയും ഏഴു ദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജ് ആവുകയും ചെയ്തിരുന്നു. തുടർചികിത്സക്ക് വഴിയില്ലാതെ ബത്തയിലെ റൂമിൽ കഴിയുന്ന തുളസീധരനെ കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി അംഗം സെൻ ആന്റണിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകർ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു. ഇഖാമയുടെ കാലാവധി മൂന്നു മാസമായി അവസാനിച്ചിട്ടെന്നും, പാസ്പോർട്ട് സ്‌പോൺസറുടെ കൈവശമാണെന്നുമുള്ള വിവരം തുളസീധരൻ അറിയിച്ചതിനെ തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും, വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുളസീധരനെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ എംബസി സ്വീകരിക്കുകയും ചെയ്തു. ലേബർ അറ്റാഷെ ശ്യാം സുന്ദർ, ഔട്ട്‌പാസ്സും തർഹീലിൽ നിന്ന് എക്സിറ്റ് അടിക്കാനുള്ള രേഖകളും നൽകി. തുടർന്ന് കേളി പ്രവത്തകർ തർഹീലിൽ പോയി എക്സിറ്റ് അടിച്ചു നാട്ടിലേക്കു പോകാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
ചിത്രം: ജീവകാരുണ്യ വിഭാഗം കൺവീനർ സുധാകരൻ തുളസീധരന് യാത്രാ രേഖകൾ കൈമാറുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."