മുന്നില്‍നിന്ന് ഷഹീന്‍ബാഗ്
ന്യൂഡല്‍ഹി: ഇന്നലെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ചര്‍ച്ചയായതും കൂടുതല്‍ ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയതും ഷഹീന്‍ബാഗ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇവിടെ തുടരുന്ന സമരത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി നേതാക്കള്‍ ഷഹീന്‍ബാഗിനെ തുടരെത്തുടരെ വിമര്‍ശിക്കുകയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ ആരംഭിച്ച വോട്ടെടുപ്പ് സംസ്ഥാനത്തു തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും ഷഹീന്‍ബാഗിലെ പോളിങ് ബൂത്തുകളില്‍ നല്ല തിരക്കായിരുന്നു. ഇവിടത്തുകാര്‍ കൂട്ടത്തോടെ വോട്ടുചെയ്യാനെത്തി.
ഷഹീന്‍ഗാബ് ഏരിയയിലെ പോളിങ് സ്റ്റേഷനുകളില്‍ വലിയ വോട്ടിങ്ങാണുണ്ടായത്. രണ്ടു മാസത്തോളമായി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരം പൊളിക്കാന്‍ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിടുംതോറും സമരം ശക്തിയാര്‍ജിക്കുകയായിരുന്നു.
ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരും മുഖ്യമന്ത്രി കെജ്‌രിവാളും ദേശവിരുദ്ധ സമരക്കാര്‍ക്കു ബിരിയാണി വിളമ്പുകയാമെന്നും തങ്ങള്‍ അത്തരക്കാര്‍ക്കു വെടിയുണ്ടകളാണ് വിളമ്പുകയാണെന്നുമായിരുന്നു യോഗി ആദിത്യനാഥടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിനിടെ പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ യോഗിയടക്കമുള്ളവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഷഹീന്‍ബാഗിലടക്കം വന്‍ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്.
ഷഹീന്‍ബാഗിലെ സമരക്കാര്‍ ഇന്നലെ വോട്ടെടുപ്പിലും സജീവമായി. വോട്ട് ചെയ്തതിനു ശേഷം സമരം തുടരുകയും ചെയ്തു. ജാമിഅ വിദ്യാര്‍ഥികള്‍ വോട്ടെടുപ്പ് ദിവസം സമരം നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."