HOME
DETAILS
MAL
ട്രംപിന്റെ പശ്ചിമേഷ്യൻ സമാധാന പദ്ധതി തള്ളിക്കളഞ്ഞ് അറബ് ഇന്റർ-പാർലമെന്ററി യൂനിയൻ അടിയന്തര യോഗം
backup
February 10 2020 | 13:02 PM
റിയാദ്: മേഖലയിലെ സമാധാനത്തിനെന്നോണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ട് വന്ന പശ്ചിമേഷ്യൻ സമാധാന പദ്ധതി അറബ് ഇന്റർ-പാർലമെന്ററി യൂനിയൻ തള്ളിക്കളഞ്ഞു. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ചേർന്ന മുപ്പതാമത് അടിയന്തിര യോഗത്തിലാണ് ഇസ്റാഈലിനെ തൊട്ടു തലോടി സമാധാന പദ്ധതിയെന്ന പേരിൽ അമേരിക്ക കൊണ്ട് വന്ന പദ്ധതി പൂർണമായും തള്ളിക്കളഞ്ഞത്. ഇസ്‌റാഈലുമായി മാത്രം ധാരണയിലെത്തി അമേരിക്കൻ ഭരണകൂടം സമാധാന പദ്ധതി പ്രഖ്യാപിച്ചത് ഫലസ്തീൻ പ്രശ്‌നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരം കാണുന്നതിനുള്ള ചുവടുവെപ്പായി പരിഗണിക്കപ്പെടില്ലെന്നും യോഗം വ്യക്തമാക്കി.
ജറൂസലം തലസ്ഥാനമായി 1967 ജൂൺ നാലിലെ അതിർത്തിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീനികളുടെ ചരിത്രപരമായ അവകാശം അനുശാസിക്കാത്ത ഒരു നടപടിയും സ്വീകാര്യമല്ലെന്നും ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തമായ പരിഹാരം ഉറപ്പു വരുത്താത്ത ഏതു പദ്ധതിയും നിരാകരിക്കുന്നതായും അറബ് ഇന്റർ-പാർലമെന്ററി യൂനിയൻ യോഗം പാസാക്കിയ സമാപന പ്രഖ്യാപനം വ്യക്തമാക്കി. ഫലസ്തീനികൾക്ക് അംഗീകാരമുള്ള പദ്ധതി മാത്രമേ സ്വീകാര്യമാകൂ. ജറൂസലം നഗരത്തെ ഇസ്‌റാഇലിന്റെ ഏകീകൃത തലസ്ഥാനമായി അംഗീകരിക്കുന്നത് സംഘർഷം മൂർഛിപ്പിക്കും. ഇത് മേഖലാ സുരക്ഷക്ക് ഭീഷണിയായി മാറുകയും സമാധാന ശ്രമങ്ങൾക്കു മുന്നിൽ വഴി കൊട്ടിയടക്കുകയും മാത്രമാണ് ചെയ്യുക.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും ഫലസ്തീനികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന നിലക്ക് പ്രശ്‌നങ്ങൾക്ക് നീതീയുക്തമായ ധാരണയുടെ അടിസ്ഥാനത്തിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയും മാത്രമേ സമാധാന സമവാക്യങ്ങൾ സാധ്യമാവുകയുള്ളൂ. പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണുന്നതിന് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള അടിസ്ഥാനമായി യു.എൻ തീരുമാനങ്ങളെയും അറബ് സമാധാന പദ്ധതിയെയും മുറുകെ പിടിക്കുന്നതായി അറബ് ഇന്റർ-പാർലമെന്ററി യൂനിയൻ യോഗം പറഞ്ഞു. ഫലസ്തീൻ ചെറുത്തുനിൽപിന് കരുത്തു പകരുന്നതിന് ഫലസ്തീനിൽ സന്ദർശനം നടത്തി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഫലസ്തീൻ നേതാക്കളെയും കാണുന്നതിനും അറബ് ഇന്റർ-പാർലമെന്ററി യൂനിയൻ തീരുമാനങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനും കുവൈത്ത്, ഇറാഖ്, അൾജീരിയൻ പാർലമെന്റ് സ്പീക്കർമാരെ ഉൾപ്പെടുത്തി മൂന്നംഗ കമ്മിറ്റി രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഇരുപതു രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് പ്രതിനിധികൾ പങ്കെടുത്ത യോഗം അറബ് ഇന്റർ-പാർലമെന്ററി യൂനിയൻ പ്രസിഡന്റും ജോർദാൻ പാർലമെന്റ് സ്പീക്കറുമായ എൻജിനീയർ ആതിഫ് അൽതറാവനയാണ് ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."