HOME
DETAILS

ഷാഹിദ് ആസ്മി: നീതി കൊല്ലപ്പെട്ടിട്ട് പത്താണ്ട്

  
backup
February 11 2020 | 00:02 AM

todays-article-basheer-ahammed-11-02-2020

 

സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും തങ്ങളുടെ പൗരത്വം പോലും നിഷ്പ്രയാസം സ്റ്റേറ്റിന് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താവുന്നത്ര ബലഹീനമാണ് മുസ്‌ലിം സമുദായത്തിന്റെ സ്ഥിതി. ഹിന്ദു സെക്യുലര്‍ ലോജിക്കിനോട് യോജിച്ചു പോവുന്ന 'നല്ല മുസ്‌ലിം'കള്‍പ്പുറത്തുള്ളതിനെയൊക്കെ അപരവത്കരിച്ച് രണ്ടാം തരം പൗരന്മാരായിട്ടാണ് പലപ്പോഴും മുഖ്യധാര പൊതുസമൂഹം കണ്ടിട്ടുള്ളത്. നിലവിലെ രാഷ്ട്ര, രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥയിലെ മുസ്‌ലിം വിരുദ്ധത ചോദ്യം ചെയ്യുന്നവരെയൊക്കെ സ്‌റ്റേറ്റിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും വേട്ടയാടി ഇല്ലായ്മ ചെയ്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോഴും യു.എ.പി.എ അടക്കമുള്ള നിയമങ്ങള്‍ വഴി വര്‍ഷങ്ങള്‍ കാരാഗൃഹത്തിലടയ്ക്കപ്പെട്ട് ഒടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കപ്പെട്ട കേസുകളും നിരവധിയാണ്. അതിനിടയില്‍ ഇവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം നശിപ്പിക്കപ്പെട്ടിട്ടുണ്ടാവും. കുടുംബത്തിന്റെ കണ്ണീര്‍ വറ്റിയിട്ടുണ്ടാവും.


ഇന്ത്യന്‍ പൊലിസ് ഫോഴ്‌സിന്റെ നല്ലൊരു വിഭാഗം വിശ്വസിക്കുന്നത് മുസ്‌ലിംകള്‍ പൊട്ടന്‍ഷ്യല്‍ ക്രിമിനലുകളാണെന്ന പഠനം പുറത്ത് വന്നിട്ട് അധികമായിട്ടില്ല. ഇത്തരം മുന്‍ധാരണകള്‍ സ്വാഭാവികവത്കരിക്കപ്പെടുകയും അത് കൃത്യമായ മാധ്യമ പ്രൊപഗണ്ടകളിലൂടെ സ്ഥാപിച്ചെടുക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ മറിച്ചൊന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
ഈയിടെ പുറത്ത് വന്ന പഠനങ്ങളും ഔദ്യോഗിക രേഖകളും വ്യക്തമാക്കുന്നത് ഇന്ത്യന്‍ ജയിലുകളില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ്. ഗുരുതര തെറ്റുകള്‍ ചെയ്ത സമൂഹത്തില്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവര്‍ നിയമത്തിന്റെ ഊടുവഴികളിലൂടെ എളുപ്പത്തില്‍ പുറത്ത് വരികയും പിന്നോക്കക്കാരന്‍ ചെറിയ സംശയത്തിന്റെ പേരില്‍ പോലും കാലങ്ങള്‍ ജയിലുകളില്‍ ജീവിതമൊടുക്കപ്പെടേണ്ടിവരികയും ചെയ്യുന്നതാണ് നിലവിലെ സാഹചര്യം. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ അവസാനമായി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജയിലുകളിലെ മൂന്നില്‍ രണ്ടു പേരും മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. നിലവില്‍ വിചാരണത്തടവുകാരായി ജയിലുകളില്‍ കഴിയുന്നതില്‍ 55 ശതമാനത്തോളം പിന്നോക്കക്കാരണെന്ന് ഇതേ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതില്‍ തന്നെ 60 ശതമാനത്തിലധികം അക്ഷരവിദ്യാഭ്യാസമില്ലാത്തവരും ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ലഭ്യമാക്കാന്‍ ശേഷിയില്ലാത്തവരുമാണ്. പലപ്പോഴും തങ്ങള്‍ ചെയ്ത തെറ്റെന്തെന്ന് അറിയാതെ യു.എ.പി.എ അടക്കമുള്ള നിയമങ്ങള്‍ ചുമത്തപ്പെട്ട് കഴിയുന്നവരായിരിക്കും പലരും.


ഇത്തരമൊരു സാഹചര്യത്തിലാണ് ഷാഹിദ് ആസ്മിയെപ്പോലെയുള്ള അഭിഭാഷകരെ വീണ്ടും വായിക്കാനും അറിയാനും ശ്രമിക്കേണ്ടത്. കേവലം 32 വര്‍ഷത്തെ തന്റെ ജീവിതത്തിനിടയില്‍ സ്റ്റേറ്റിന്റെ എല്ലാവിധ ചാപ്പകുത്തലുകള്‍ക്കും വിധേയമാക്കപ്പെട്ട് ജീവിതത്തിന്റെ ഏറ്റവും നല്ല സമയം ജയിലുകളില്‍ കഴിച്ചുകൂട്ടേണ്ടി വന്ന യുവാവായിരുന്നു അദ്ദേഹം. പിന്നീട് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് വന്ന് കോടതി മുറികളില്‍ അടിച്ചമര്‍ത്തപ്പെട്ടവന് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടു. തന്റെ ഏഴ് വര്‍ഷത്തെ അഭിഭാഷക ജീവിതത്തിനിടയില്‍ സോ കോള്‍ഡ് ന്യൂനപക്ഷ സംരക്ഷരടക്കം പൊതുസമൂഹം ഒന്നടങ്കം വേട്ടയാടലുകള്‍ക്ക് നിശബ്ദ സമ്മതം മൂളിയ പതിനേഴിലധികം മുസ്‌ലിം ചെറുപ്പക്കാരെ അന്യായമായ തടവില്‍ നിന്ന് മോചിപ്പിച്ച അസാമാന്യ പ്രതിഭ. സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സൃഷ്ടിച്ചെടുത്ത ഇരകള്‍ക്ക് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ എല്ലാ ഭരണകൂട സംവിധാനങ്ങളോടും നിയമപരമായി പൊരുതി സത്യത്തിന് വേണ്ടി ഏതറ്റം വരെയും പോവുന്ന അഭിഭാഷകന്‍. ഇതൊക്കെയാണ് ചുരുക്കത്തില്‍ ഷാഹിദ് ആസ്മി.


'By showing me injustice, he taught me to love justice. By teaching me what pain and humiliation were all about, he awakened my heart to mercy. Through these hardships I learned hard lessons. Fight against prejudice, battle the oppressors, support the underdog.'


തന്റെ ഓഫിസ് മുറിയില്‍ ആലേഖനം ചെയത് വച്ച റോയ് ബ്ലാക്കിന്റെ ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു ഷാഹിദിന്റെ ജീവിതവും. ബാബരിയാനന്തര മുംബൈയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിന്റെ പേരില്‍ പൊലിസ് വേട്ടയാടിയ ആയിരക്കണക്കിന് മുസ്‌ലിം ചെറുപ്പക്കാരില്‍ ഒരാളാണ് ആസ്മി. പതിനാറാം വയസില്‍ ബോര്‍ഡ് എക്‌സാമിന് വേണ്ടി പോവുകയായിരുന്ന ഷാഹിദിനെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയക്കുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ്. തുടര്‍ന്നും നിരന്തരമായി പിന്തുടര്‍ന്ന പൊലിസ് ബാല്‍ താക്കറെ അടക്കമുള്ള ശിവസേന നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസഡ് ക്രൈം ആക്ട് എന്ന കരിനിയമം ചുമത്തി ഷാഹിദിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആറ് വര്‍ഷത്തെ തിഹാര്‍ ജയിലിലെ വാസത്തിനു ശേഷം തെളിവില്ല എന്ന കാരണത്താല്‍ വിട്ടയക്കുകയായിരുന്നു.


ഭരണകൂടത്തിന്റെ ഭീകരതക്ക് കീഴടങ്ങാന്‍ ഒരുക്കമല്ലാതിരുന്ന ഷാഹിദ് ജയിലില്‍ വച്ച് തന്നെ ജേണലിസം പഠിച്ചിരുന്നു. തന്നെപ്പോലെ അനന്തമായി ജയിലുകളില്‍ ജീവിതം തീര്‍ക്കേണ്ടി വരുന്നവര്‍ക്കായി പോരാടുമെന്ന ഉറച്ച തീരുമാനത്തോടെ പുറത്തുവന്ന ഷാഹിദ് നിയമപഠനം പൂര്‍ത്തിയാക്കുകയും ഉപജീവന മാര്‍ഗമായി താന്‍ കണ്ടിരുന്ന പത്രപ്രവര്‍ത്തനം പൂര്‍ണമായി ഉപേക്ഷിച്ച് അഭിഭാഷക വൃത്തിയില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
കുറച്ച് കാലം മജീദ് മേനോന്‍ എന്ന മുതിര്‍ന്ന അഭിഭാഷകന്റെ കൂടെ പ്രാക്ടീസ് ചെയ്‌തെങ്കിലും ഷാഹിദ് പെട്ടെന്ന് അവിടം വിട്ടു. താന്‍ ലക്ഷ്യമാക്കിയ നിയമപോരാട്ടങ്ങള്‍ക്ക് വ്യവസ്ഥാപിത ഇടങ്ങളില്‍ സ്വീകാര്യതയില്ലെന്ന തിരിച്ചറിവ് സ്വന്തമായി പ്രാക്ടീസ് ചെയ്യാമെന്ന തീരുമാനത്തില്‍ ഷാഹിദിനെ എത്തിച്ചു. തീവ്രവാദ ചാപ്പകുത്തപ്പെട്ട് വര്‍ഷങ്ങള്‍ അഴിക്കുള്ളില്‍ കഴിഞ്ഞ, മാധ്യമങ്ങളും രഹസ്യാന്വേഷണ വിഭാഗവും നിരന്തരം വേട്ടയാടുന്ന ചെറുപ്പക്കാരനായ ഒരു അഭിഭാഷകനെ സംബന്ധിച്ചെടുത്തോളം അതിസാഹസമായിരുന്നു അത്തരമൊരു തീരുമാനം.


2002ലെ ഗട്ടഖോപാര്‍ ബസ് ബോംബാക്രമണ കേസില്‍ പോട്ട ചാര്‍ത്തപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ആരിഫ് പന്‍വാലയെന്നയാള്‍ക്ക് വേണ്ടി ഹാജരായി, മോചിപ്പിച്ചതായിരുന്നു ഷാഹിദിന്റെ അഭിഭാഷക വൃത്തിയിലെ ആദ്യത്തെ പ്രധാന കേസ്. തുടര്‍ന്ന് ഈ നിയമം നിരപരാധികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നു എന്ന നിരന്തരമായ ആക്ഷേപത്തെത്തുടര്‍ന്ന് ഗവണ്‍മെന്റിന് നിയമം തന്നെ പിന്‍വലിക്കേണ്ടി വന്നു. അതില്‍ ഷാഹിദിനും വലിയ പങ്കുണ്ടായിരുന്നു. 2006ലെ മലേഗാവ്, മുംബൈ ട്രെയിന്‍ ബോംബാക്രമണം, ഔറംഗബാദ് ആയുധക്കടത്ത് കേസ് തുടങ്ങിയ കേസുകളിലൊക്കെ മാധ്യമങ്ങളുടെ പൂര്‍ണ്ണപിന്തുണയോടെ ഭരണകൂടം തങ്ങളുടെ എല്ലാ മിഷിനറികളെയും ഉപയോഗിച്ച് കേസുകള്‍ കെട്ടിച്ചമച്ച് അന്യായമായി തടവിലാക്കിയ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ ഷാഹിദ് മോചിപ്പിച്ചിട്ടുണ്ട്. കോടതി മുറികളും പൊലിസ് മെഷിനറിയും അതിന്റെ പ്രവര്‍ത്തനവും ക്രമിനല്‍ നിയമത്തിലെ കെണികളുമൊക്കെ സ്വജീവിതത്തിലൂടെ നേരിട്ടറഞ്ഞതാണ് ഇത്തരം കേസുകളില്‍ കൃത്യമായി ഇടപെടാന്‍ ഷാഹിദിനെ പ്രാപ്തനാക്കിയത്.


മുമ്പേ തന്നെ ഭ്രാന്തദേശീയ വാദികളുടെ നോട്ടപ്പുള്ളിയായിരുന്ന ഷാഹിദ് മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫഹീം അന്‍സാരിയുടെ വക്കാലത്ത് ഏറ്റെടുത്തതോടെ നിരന്തരം ഭീഷണികള്‍ വരാന്‍ തുടങ്ങി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് നിരവധി തവണ പൊലിസിനെ സമീപിച്ചിരുന്നെങ്കിലും സംരക്ഷണം നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. സുഹൃത്തുക്കളില്‍ പലരും ഫഹീം അന്‍സാരിക്ക് വേണ്ടി ഹാജരാവുന്നതില്‍ നിന്ന് ഷാഹിദിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു പാവം മുസ്‌ലിം ചെറുപ്പക്കാരനെ ഭരണകൂട മുഖ്യധാര താത്പര്യങ്ങള്‍ക്ക് വേട്ടയാടാന്‍ വലിച്ചെറിഞ്ഞു കൊടുക്കാന്‍ അദ്ദേഹത്തിന്റെ മനഃസാക്ഷി സമ്മതിക്കുമായിരുന്നില്ല. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി തന്റെ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരുക്കമായിരുന്നില്ല. അതിന് വിലയായി ഷാഹിദ് ബലിനല്‍കിയത് സ്വജീവനായിരുന്നു. ഫഹീമിനെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളെയും ഇല്ലാതാക്കാനുള്ള ശക്തമായ വാദങ്ങള്‍ 2010 ഫെബ്രവരി 11ന് കൊല്ലപ്പെടുന്നതിന് മുമ്പ് ഷാഹിദ് കോടതിയില്‍ ബോധിപ്പിച്ചെടുത്തിട്ടുണ്ടെന്ന് പിന്നീട് ഈ കേസ് മുന്നോട്ട് കൊണ്ടുപോയ ഷാഹിദിന്റെ സഹോദരന്‍ ഖാലിദ് ആസ്മി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


നീതിക്ക് വേണ്ടി സ്വജീവന്‍ ബലിനല്‍കിയ ഷാഹിദിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും നിയമത്തിന് മുന്നില്‍ എത്തിച്ച് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കാന്‍ നമ്മുടെ വ്യവസ്ഥകള്‍ക്ക് സാധിച്ചിട്ടില്ല എന്നിടത്ത് നിന്ന് പുനര്‍വിചിന്തനം തുടങ്ങേണ്ടിയിരിക്കുന്നു. ഷാഹിദ് വധത്തിന്റെ പത്ത് വര്‍ഷത്തിനിപ്പുറവും അതിനുത്തരവാദികളായവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഏറെ ഖേദകരമാണ്.


ഈ ഫാസിസ്റ്റ് കാലത്ത് ഷാഹിദുമാരെപ്പോലെയുള്ള നിസ്വാര്‍ത്ഥരും കഴിവുള്ളവരുമായ ക്രിമിനല്‍ അഭിഭാഷകരെ സമുദായം വളര്‍ത്തിയെടുക്കാത്ത കാലത്തോളം സകരിയ്യമാരും മഅ്ദനിമാരും ഷര്‍ജീലുമാരും തുടര്‍ക്കഥയായിക്കൊണ്ടിരിക്കും. തങ്ങളുടെ നിഷ്‌ക്രിയത്വമാണ് പലപ്പോഴും ഭരണകൂട ഭീകരതക്ക് ഇരയാക്കപ്പെടുന്നതിന്റെ കാരണമെന്നെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. താവഴികളായി കേട്ടുവന്ന തെറ്റിദ്ധാരണകള്‍ക്കപ്പുറത്ത് കോടതികളെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും യാഥാര്‍ത്ഥ്യബോധം സൃഷ്ടിച്ച് വരും തലമുറകളെ ഇത്തരം മേഖലകളിലേക്ക് പറഞ്ഞ് വിടാന്‍ ഇനിയും മുസ്‌ലിം സമുദായം തയാറായില്ലെങ്കില്‍ യു.എ.പി.എയുടെയും മറ്റും പേരില്‍ നാം തെരുവില്‍ മുഴക്കുന്ന രോദനങ്ങള്‍ കേവലം പ്രഹസനങ്ങളായി മാത്രം കണ്ട് പൊതുസമൂഹം തള്ളിക്കളയുമെന്നുറപ്പാണ്..എയുടെയും മറ്റും പേരില്‍ നാം തെരുവില്‍ മുഴക്കുന്ന രോദനങ്ങള്‍ കേവലം പ്രഹസനങ്ങളായി മാത്രം കï് പൊതുസമൂഹം തള്ളിക്കളയുമെന്നുറപ്പാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  a minute ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  11 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  22 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago