ഹിന്ദു രാഷ്ട്രം: ജനകീയ പ്രതിരോധം തീര്‍ക്കണമെന്ന് യെച്ചൂരി
തൃശൂര്‍: ഹിന്ദു രാഷ്ട്രമെന്ന സംവിധാനത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള വര്‍ഗീയശക്തികളുടെ നീക്കത്തിനെതിരേ ജനകീയ പ്രതിരോധം തീര്‍ക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
രാജ്യത്ത് വര്‍ധിച്ച് വരുന്ന വര്‍ഗീയ അക്രമങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ വിപ്ലവശക്തികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റ് ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതി-2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു സീതാറാം യെച്ചൂരി.
മതസ്വത്വത്തിന്റെ പേരിലാണ് വര്‍ഗീയ ശക്തികള്‍ ജനങ്ങളെ വിഭജിക്കുന്നത്. ഇത് മതന്യൂനപക്ഷങ്ങളുടെ ജീവിതത്തിനും സുരക്ഷയ്ക്കും അപകടമാണ്. സമൂഹത്തിലെ ചൂഷിതമായ വര്‍ഗങ്ങളുടെ ഐക്യത്തെ വര്‍ഗീയതകൊണ്ട് തടസപ്പെടുത്താനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. ചൂഷിതവര്‍ഗങ്ങളുടെ ശക്തികൊണ്ടു മാത്രമെ വിപ്ലവശക്തികള്‍ക്ക് മുന്നോട്ട് പോകാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വിശാലമായ ഐക്യം ശക്തിപ്പെടുത്തി ഇതിനെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും വേണം. ഇതിന് പുറമെ മതനിരപേക്ഷ ജനാധിപത്യം വീണ്ടെടുക്കാനുള്ള കര്‍മപരിപാടിയെകുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇതിനായി വര്‍ഗങ്ങളെയും ജനകീയ പോരാട്ടങ്ങളെയും ശക്തിപ്പെടുത്തണം. ഇതിലൂടെ ഇടതുപക്ഷ ജനാധിപത്യശക്തികളെ ശക്തിപ്പെടുത്തുകയും അതിനെ അടിസ്ഥാനപ്പെടുത്തി നിലവിലെ ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗഭരണത്തിനുള്ള ബദല്‍നയങ്ങള്‍ രൂപപ്പെടുത്തണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."