ഖത്തറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത കൂട്ടി
ദോഹ: ഖത്തറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത വന്‍കുതിപ്പിലേക്ക്. രാജ്യത്ത് 4.5ജി പ്രോ നെറ്റ്‌വര്‍ക്കിന് ഉരീദു തുടക്കമിട്ടതോടെയാണിത്. ഡാറ്റാ വേഗത നിലവിലെ 325 എംബിപിഎസില്‍ നിന്ന് 800 എംബിപിഎസ് വരെയായി ഉയരും.
4.5ജി ആരംഭിക്കുന്ന ലോകത്തിലെ ആദ്യ ടെലികോം ഓപറേറ്റര്‍മാരില്‍ ഒന്നായി ഇതോടെ ഉരീദു മാറിയിരിക്കുകയാണ്. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് 4.5ജിയുടെ പ്രഖ്യാപനം ഉരീദു നടത്തിയത്. ദോഹയിലെ ഏറ്റവും തിരക്കേറിയ മേഖലകളില്‍ മൊബൈല്‍ ഡാറ്റാ വേഗത കുത്തനെ വര്‍ധിക്കാന്‍ പുതിയ ടെക്‌നോളജി സഹായിക്കുമെന്ന് ഉരീദു വ്യക്തമാക്കി. ദോഹ കോര്‍ണിഷ്, കത്താറ, വെസ്റ്റ്‌ബേ ഏരിയക്കു പുറമേ പേളിലും പുതിയ വേഗത ലഭ്യമാവും.
നിലവില്‍ 325 എംബിപിഎസ് ഉള്ള 4ജിപ്ലസ് നെറ്റ്‌വര്‍ക്കാണ് ഉരീദു നല്‍കുന്നത്. എന്നാല്‍, ഭൂരിഭാഗം പേരും 4ജി നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ 12 എംബിപിഎസ് സ്പീഡ് മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 4.5ജി വിജയകരമായി പരീക്ഷിച്ചത്. വരും ഭാവിയില്‍ തന്നെ 5ജി നെറ്റ്‌വര്‍ക്കിലേക്ക് മാറാനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടമെന്ന് ആ സമയത്ത് ഉരീദു ഖത്തര്‍ സിഇഒ വലീദ് ആല്‍സെയ്ദ് വ്യക്തമാക്കിയിരുന്നു. 2017 ആദ്യത്തോടെ നോക്കിയയുമായി ചേര്‍ന്ന് 1ജിബിപിഎസ് വേഗത ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത് ഈ വര്‍ഷം അവസാനത്തോടെയേ ലഭ്യമാവൂ എന്നാണ് അറിയുന്നത്.
4.5ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളുടെ വില്‍പ്പന ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഉരീദു അറിയിച്ചു. വീടുകളിലേക്കുള്ള കണക്്ഷനില്‍ ലോകത്തിലെ തന്നെ അതിവേഗ നെറ്റ്‌വര്‍ക്ക് ഉരീദു ഈയിടെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നേരത്തേ ഉണ്ടായിരുന്ന 300 എംബിപിഎസിന് പകരം 1ജിബിപിഎസ് ഫൈബര്‍ സര്‍വീസ് ഉരീദു ആരംഭിച്ചത്. ഇതിലൂടെ രണ്ട് മണിക്കൂര്‍ എച്ച്ഡി സിനിമ രണ്ട് മിനിറ്റ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഈ സേവനത്തിന് ഒരു മാസത്തേക്ക് 1,900 റിയാല്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."