അനധികൃത തുകല്‍ സംഭരണ കേന്ദ്രത്തിനെതിരേ നടപടി ആരംഭിച്ചു
എരുമപ്പെട്ടി: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന തുകല്‍ സംഭരണ കേന്ദ്രത്തിനെതിരേ ആരോഗ്യ വിഭാഗം അധികൃതര്‍ നടപടി ആരംഭിച്ചു.
എരുമപ്പെട്ടിക്ക് സമീപം പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനെതിരേ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് നടപടി ആരംഭിച്ചത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ മലയകം വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ തുകല്‍ സംഭരണത്തിന് പുറമെ വ്യാപകമായി അറവ് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ തൊഴിലെടുക്കുന്ന കേന്ദ്രത്തില്‍ രാത്രിയുടെ മറവില്‍ കാട്ടു പന്നികളെ വേട്ടയാടുന്നതായും പരാതിയുണ്ട്.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനെതിരേ നാട്ടുകാര്‍ ആരോഗ്യ വിഭാഗം അധികൃതര്‍ക്ക് നല്കിയ പരാതി നടപടിക്കായി റിപ്പോര്‍ട്ട് സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നതാണ്.
പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി നല്കിയ ഉറപ്പ് വൈകിയ സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ നടത്തിപ്പിന് മതിയായ രേഖകള്‍ ഏഴു ദിവസത്തിനകം ഹാജരാക്കാന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് അനുമതി, കെട്ടിട നികുതി തുടങ്ങി അടിസ്ഥാന രേഖകള്‍ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം അടച്ചു പൂട്ടണമെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് ആരോഗ്യ വിഭാഗം നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."