സമഗ്ര ആരോഗ്യ പദ്ധതിയുമായി ആരോഗ്യ വകുപ്പ്
പൂച്ചാക്കല്‍: പൊതുജനാരോഗ്യ രംഗത്ത് പുതിയ സമഗ്ര ആരോഗ്യ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ഓരോ വീടുകള്‍ തോറും സര്‍വേ നടത്തി പൊതുജനങ്ങളുടെ ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പാണാവള്ളി പഞ്ചായത്ത് തലത്തില്‍ പതിനെട്ട് വാര്‍ഡുകളിലായി 483 ലീഡര്‍മാരെ നിയോഗിച്ചു കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പതിനഞ്ച് വീടുകള്‍ക്ക് ഒരു ലീഡര്‍ എന്ന നിലയില്‍ തെരഞ്ഞെടുത്തു കൊണ്ട് പതിനഞ്ച് ദിവസത്തിനുള്ളില്‍ ഈ വീടുകളിലെ ആരോഗ്യ റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ പരിഹാരം കണ്ടെത്തണം.
ഇതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ പത്ത് യൂനിറ്റ് ചേര്‍ന്നുള്ള മേഖലാ യൂനിറ്റിന് കൈമാറണം. ഒരു വാര്‍ഡില്‍ മൂന്ന് യൂനിറ്റുകളാണുള്ളത്. ഇവിടെയും പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ പഞ്ചായത്ത് തല കമ്മിറ്റിക്ക് നല്‍കി പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണം.
ഇതിനാവശ്യമായ പരിശീലനം ഓരോ മാസവും ഓരോ മേഖലകളിലായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. പ്രദേശത്ത് നിയോഗിക്കുന്ന ലീഡര്‍മാര്‍ മുഖേന അവരവരുടെ ആരോഗ്യ പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും അറിയിക്കേണ്ടതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വാര്‍ഡുകളിലെയും പൊതുജനാരോഗ്യ വിഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ പാണാവള്ളി കമ്മ്യൂണിറ്റ് ഹാളില്‍ നടന്ന പരിശീലനം പാണാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുശീലന്‍ അധ്യക്ഷനായി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജെ.എച്ച്.അനിത കുമാര്‍, അമ്പിളി, സുഷമ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."