രേഖകള്‍ ഹാജരാക്കിയിട്ടും രക്ഷയില്ല; സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മടിച്ച് ഉദ്യോഗസ്ഥര്‍ വിജയപുരം പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാപക പരാതി
കോട്ടയം: വിജയപുരം പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രം പോര ഉദ്യോഗസ്ഥരുടെ കനിവ് കൂടി ആവശ്യമാണ്. മതിയായ രേഖകള്‍ ഹാജരാക്കിയാലും സേവനം കൃത്യസമയത്ത് നല്‍കില്ലെന്ന നിലപാടാണ് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക്.
വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന പൊതുജനത്തെ ഉദ്യോഗസ്ഥര്‍ വലയ്ക്കുകയാണെന്ന് പരാതി. റസിഡന്റ് സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്തിലെത്തിയ വ്യക്തിയെയാണ് കാരണങ്ങളില്ലാതെ ദിവസങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറ്റിയിറക്കിയത്. മാന്നാനം മന്ദിരം ആശുപത്രിക്ക് സമീപം താമസിക്കുന്ന രാജ്കുമാറിനാണ് വിജയപുരം പഞ്ചായത്ത് ഉദ്യോഗസ്ഥരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ആവശ്യ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ അന്നു തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നിരിക്കെയാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥന്റെ നിരുത്തരവാദിത്വ സമീപനത്തിന് പഞ്ചായത്ത് ഓഫിസ് സാക്ഷ്യം വഹിച്ചത്.
ശാരീരിക വൈകല്യമുള്ള കുട്ടിയുമായി പഞ്ചായത്തിലെത്തിയ വ്യക്തിയോട് മാനിസിക പരിഗണന കാണിക്കുവാന്‍ പോലും അധികൃതര്‍ തയാറായില്ലെന്ന് എട്ടാം വാര്‍ഡ് മെമ്പര്‍ ബൈജു ആരോപിച്ചു. വാര്‍ഡ് മെമ്പര്‍ പറഞ്ഞിട്ടും ആവശ്യ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിക്കുകയായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ഇതേ പഞ്ചായത്തില്‍ നിന്നും റസിഡന്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ രേഖകള്‍ നല്‍കി വാങ്ങിയവര്‍ക്കാണ് ഇത്തവണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. സാധാരണ ഗതിയില്‍ റസിഡന്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ട എല്ലാ രേഖകളും നല്‍കിയിട്ട് എന്തുകൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥനും തയാറായില്ല.
അപേക്ഷയുമായി ആദ്യദിനം എത്തിയപ്പോള്‍ വ്യക്തമാക്കിയത് എഗ്രിമെന്റിന്റെ ഒറിജിനല്‍ പേപ്പര്‍ വേണമെന്നായിരുന്നു.
എന്നാല്‍ ഇപ്രകാരം ഉടമയില്‍ നിന്ന് ഒറിജിനല്‍ കോപ്പിയുമായി രണ്ടാം ദിവസവും ജോലി ഉപേക്ഷിച്ച് കുട്ടിയുമായി പഞ്ചായത്തിലെത്തിയ രാജ്കുമാറിനെ അവഗണിക്കുന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥന്റേത്.
ഇതിന് ശേഷമാണ് വാര്‍ഡ് മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബൈജു സംഭവത്തില്‍ ഇടപെടുന്നത്. അപേക്ഷയില്‍ പ്രകാരം ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഉദ്യോഗസ്ഥനോട് ബൈജു ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയാണെന്നും ഉച്ചയ്ക്ക് ശേഷം നല്‍കാമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി . പക്ഷേ, ഉച്ചഭക്ഷണ സമയം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വീണ്ടും ഉദ്യോഗസ്ഥന്‍ കാലതാമസം വരുത്തി.
ഇക്കാര്യം ജനപ്രതിനിധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ഇടപെടലിനൊടുവില്‍ ഇന്നലെയാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ജീവനക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണപക്ഷത്തിന് കഴിയുന്നില്ലെന്ന ആരോപണവും ഇതോടെ ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."