റീബില്‍ഡ് കേരള പദ്ധതിക്ക് രൂപരേഖയായില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിക്ക് സമഗ്ര രൂപരേഖ തയാറാക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. റീബില്‍ഡ് കേരള പദ്ധതിയുടെ പരാജയവും ലോകബാങ്ക് ധനസഹായം വകമാറ്റി ചെലവഴിച്ചതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.കെ ബഷീറിന്റെ നേതൃത്വത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
2019ലെ പ്രളയത്തിലെ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുന്നതിനുപോലും സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പി.കെ ബഷീര്‍ പറഞ്ഞു. ഗെയില്‍ പദ്ധതി നടപ്പാക്കിയ ഇച്ഛാശക്തി എന്തുകൊണ്ടാണ് പാവപ്പെട്ടവരുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ കാണിക്കാത്തത്. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് എന്തിനാണ് കണ്‍സള്‍ട്ടന്‍സിയെന്നും റോഡ് നിര്‍മാണത്തില്‍നിന്ന് മലപ്പുറം ജില്ലയെ എന്തിനാണ് ഒഴിവാക്കിയതെന്നും പി.കെ ബഷീര്‍ ചോദിച്ചു.
അടിയന്തരപ്രമേയ നോട്ടിസിന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി മറുപടി നല്‍കി. 1850 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 827 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. ബജറ്റില്‍ 1000 കോടി വകയിരുത്തി. ലോകബാങ്ക് സഹായത്തിന്റെ ആദ്യഗന്ധുവായ 1750 കോടി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ദുരന്തബാധിതമായ എല്ലാ ജില്ലകളെയും ഒരേ താല്‍പര്യത്തോടെയാണ് കണ്ടിട്ടുള്ളത്. മലപ്പുറം ജില്ലയിലെ വ്യാപാരികളെ ഉജ്ജീവനം പദ്ധതിയില്‍ പരിഗണിച്ചില്ലെന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ട് പ്രളയങ്ങള്‍ നേരിട്ടിട്ടും പാഠം പഠിക്കാതെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൊടുക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് പാരിസ്ഥിതിക അനുമതിയുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ക്വാറികള്‍ക്ക് അനുമതി കൊടുത്തിട്ടുള്ളൂവെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. വാചകമടിക്ക് ഓസ്‌കര്‍ കൊടുക്കേണ്ട സര്‍ക്കാരാണിതെന്നും ബജറ്റ് അവതരിപ്പിച്ചാലും അടിയന്തപ്രമേയം അവതരിപ്പിച്ചാലും വാചകമടിയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."