മയക്കുമരുന്ന് മാഫിയയുടെ അടിവേരറുക്കാന്‍ യോദ്ധാവ് എത്തുന്നു
കൊച്ചി: മയക്കുമരുന്നു കടത്തു തടയാനും ഈ രംഗത്തെ ക്രിമിനലുകളെ കുടുക്കാനും 'യോദ്ധാവ്' എത്തുകയായി. കേരള പൊലിസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ എന്ന് അവകാശപ്പെട്ടാണ് പുതിയ മൊബൈല്‍ ആപ്പ് എത്തുന്നത്.
ആപ്പ് ഉപയോഗിക്കാനായി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്ന പ്രത്യേകതയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ടാണ് മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം. മയക്കുമരുന്നോ അതുമായി ബന്ധപ്പെട്ടോ എന്തെങ്കിലും വിവരമോ ലഭിക്കുന്നവര്‍ പൊലിസ് നല്‍കുന്ന വാട്‌സ്ആപ്പ് നമ്പരിലേക്ക് ആ വിവരങ്ങള്‍ കൈമാറുക മാത്രമേ വേണ്ടൂ.
സന്ദേശം ലഭിച്ചാലുടന്‍ ആപ്പുവഴി പൊലിസ് അപ്പോള്‍ത്തന്നെ അന്വേഷണം ആരംഭിക്കുകയായി. ഇതുമായി ബന്ധപ്പെട്ട സന്ദേശം എല്ലാ ഉദ്യോഗസ്ഥരിലേക്കും എത്തും. കേരളത്തിലും ദേശീയതലത്തിലും വിദേശവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്താനുതകുന്ന തരത്തിലാണ് ആപ്പിന്റെ രൂപകല്‍പ്പന.
മയക്കുമരുന്ന് മാഫിയയുടെ അടിവേരറുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യോദ്ധാവിനെ രംഗത്തിറക്കുന്നത്. നിലവില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് വിവരം നല്‍കിയാല്‍ ഗുണ്ടകളും ക്രിമിനലുകളും ആക്രമണമോ ഭീഷണികളുമായോ എത്തിയേക്കുമെന്ന് പലര്‍ക്കും ഭയമുണ്ട്. പുതിയ ആപ്പിലാവട്ടെ സന്ദേശം ആരു നല്‍കിയെന്നത് രഹസ്യമായി അവശേഷിക്കും. സന്ദേശത്തിന്റെ ആധികാരികതയും മറ്റെല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും പൊലിസ് നടപടികള്‍ ആരംഭിക്കുക. ഈ ആപ്പ് കഴിഞ്ഞ മൂന്നുമാസമായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നതായി ഐ.ജി വിജയ്‌സാഖറെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."