ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് പങ്കെടുക്കില്ല
വാഷിങ്ടണ്‍: അമേരിക്കയില്‍ ഭരണസ്തംഭനം നാലാം വാരത്തിലേക്കു കടന്നതോടെ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശ യാത്രകള്‍ റദ്ദാക്കിയിരിക്കുകയാണ് ട്രംപ്. അടുത്തയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ തുടങ്ങുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
യു.എസ് മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്ത് വേതനമില്ലാതെ കഴിയുന്ന എട്ടു ലക്ഷത്തോളം വരുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സാറാ പറഞ്ഞു. ഈ വലിയ പ്രതിസന്ധി മറികടക്കാന്‍ കഴിയുന്നതും രാജ്യത്തു തന്നെ തങ്ങി വേണ്ട നടപടികളെടുക്കാനാണ് ട്രംപിന്റെ തീരുമാനം.
നേരത്തെ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വിദേശ യാത്രകള്‍ ട്രംപ് റദ്ദാക്കിയിരുന്നു. ബെല്‍ജിയം, ഈജിപ്ത്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലേക്കു നിശ്ചയിച്ചിരുന്ന യാത്രകളാണു മാറ്റിവച്ചത്. ട്രംപിന്റെ പ്രതിയോഗി കൂടിയായ പെലോസിയെ കത്തു മുഖേനയാണ് ട്രംപ് തീരുമാനം അറിയിച്ചത്. ഭരണസ്തംഭനം അവസാനിച്ച ശേഷം നേരത്തെ നിശ്ചയിച്ച ഏഴുദിന യാത്രയ്ക്കുള്ള പദ്ധതികള്‍ മാറ്റിനിശ്ചയിക്കാമെന്നും ട്രംപ് കത്തില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ ദാവോസ് സമ്മേളനത്തില്‍ പങ്കെടുത്ത ട്രംപ് ഇത്തവണയും സാമ്പത്തിക ഫോറത്തിനെത്തുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണത്തെച്ചൊല്ലിയുള്ള ഭരണസ്തംഭനത്തില്‍ ഇനിയും പരിഹാരമുണ്ടാക്കാനാകാത്ത പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കിയിരിക്കുകയാണ്. സാമ്പത്തിക ഫോറത്തില്‍ ട്രംപിനു പകരം യു.എസ് പ്രതിനിധി സംഘത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ എന്നിവര്‍ നയിക്കുമെന്നാണു വിവരം.
വാണിജ്യ സെക്രട്ടറി വില്‍ബര്‍ റൂസ്, വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്തിസര്‍ എന്നിവരും സംഘത്തിലുണ്ടാകും. 22നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പോംപിയോയും നൂച്ചിനും പ്രസംഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദാവോസില്‍ തന്നെ ജി7 രാജ്യങ്ങളിലെ വിദേശ-ധന മന്ത്രിമാര്‍ പങ്കെടുക്കുന്ന വിരുന്നും ഇരുവരും ചേര്‍ന്നു സംഘടിപ്പിക്കുന്നുണ്ട്. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന വിരുന്നില്‍ ദേശീയ സുരക്ഷാ-സാമ്പത്തിക പ്രശ്‌നങ്ങളടക്കം ചര്‍ച്ചയാകും.
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള തുകയ്ക്ക് ഡെമോക്രാറ്റുകള്‍ അംഗീകാരം നല്‍കിയിരുന്നില്ല. 5.7 ബില്യന്‍ ഡോളറാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പണം അനുവദിക്കാതെ ബില്ലില്‍ ഒപ്പുവയ്ക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."