ജയലളിത പ്രധാനമന്ത്രിയെ കണ്ടു: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി ജയലളിത. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ജയലളിത ഇക്കാര്യം ആവശ്യപ്പെട്ടത്.
പുതുതായി അധികാരമേറ്റ ശേഷം ആദ്യമായാണ് അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. 29 ആവശ്യങ്ങളടങ്ങിയ 96 പേജ് നിവേദനവുമായാണ് ജയലളിത മോദിയെ കണ്ടത്. തമിഴ്‌നാടിനെ പോലൊരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചരക്കുസേവന നികുതി നടപ്പാക്കുന്നതു സംസ്ഥാനികുതി വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ജയലളിത വ്യക്തമാക്കി. ഇതു സംബന്ധമായ സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നു ജയലളിത ആവശ്യപ്പെട്ടു. ചരക്കുസേവന നികുതിക്കെതിരായ നിലപാടു തുടരുന്ന സംസ്ഥാനമാണു തമിഴ്‌നാട്.
മുല്ലപ്പെരിയാര്‍ ഡാമിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായെന്നും ഡാം ബലപ്പെട്ടെന്നും അവര്‍ നരേന്ദ്രമോദിയെ അറിയിച്ചു.
ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട തമിഴ്‌നാട്, പമ്പ,അച്ചന്‍കോവിലാര്‍ നദീസംയോജന പദ്ധതി നടപ്പാക്കാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ തമിഴ്‌നാടിന് ഇളവനുവദിക്കുക, ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുക, പൊലിസ് നവീകരണത്തിനടക്കം കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ജയലളിത മോദിക്ക് മുമ്പാകെ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."