കാലാവധി കഴിഞ്ഞിട്ടും ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല
എ.കെ ഫസലുറഹ്മാന്‍#
മലപ്പുറം: പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള സര്‍ക്കാര്‍ നീക്കം കുരുക്കില്‍.
ലളിതമായി നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതിയില്‍ സാങ്കേതിക തടസത്തിനുപുറമെ രാഷ്ട്രീയ എതിര്‍പ്പുകള്‍കൂടി ഉയര്‍ന്നതോടെയാണ് ഇതുസംബന്ധിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് വൈകുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനെയും ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റിനെയും ലയിപ്പിക്കുന്നതിന്റെ ഭാഗമായി 2017ലാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്്.
ഇതുസംബന്ധിച്ച് പഠനം നടത്താന്‍ എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയരക്ടര്‍ ഡോ. എം.എ ഖാദര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ച് 2018 മാര്‍ച്ച് മൂന്നിന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തി നവംബര്‍ ആദ്യവാരം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ അവസാനഘട്ടത്തില്‍ കമ്മിഷന്റെ പരിഗണനാവിഷയങ്ങളില്‍ ചെറിയമാറ്റങ്ങള്‍ വരുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനു മുമ്പേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അതും നടന്നില്ല.
പത്താംക്ലാസ് വരെ ഡി.പി.ഐ, 11, 12 ക്ലാസുകള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റുകളുമാണുള്ളത്. ദേശീയതലത്തില്‍നിന്ന് വ്യത്യസ്തമായ ഘടന പിന്തുടരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തന ഏകോപനം സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൂചിപ്പിച്ചാണ് കേരളത്തില്‍ ലയനത്തിന് നടപടി തുടങ്ങിയിരുന്നത്. വിദഗ്ധ സമിതിയുടെ പല കണ്ടെത്തലുകളിലും ഇടത് അധ്യാപക സംഘടനകള്‍ വരെ എതിര്‍പ്പ് അറിയിച്ചതോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പണം വൈകുന്നത്. അധ്യാപകരുടെ പ്രൊമോഷന്‍ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ് പുതിയ നീക്കമെന്നാണ് ചിലരുടെ വിലയിരുത്തല്‍.
ലയനനീക്കത്തിനെതിരേ ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനയായ കെ.എച്ച്.എസ്.ടി.യുവും രംഗത്തുവന്നിരുന്നു. സമിതി നിര്‍ദേശങ്ങള്‍ നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങള്‍ക്ക് വിരുദ്ധമാണോയെന്ന് പരിശോധിക്കാന്‍ നിയമവിദഗ്ധരുടെ പരിഗണനയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുള്ളതെന്നാണ് വിവരം.
നിയമവിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സമര്‍പ്പിക്കുമെന്ന്് ഇടത് അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."