കേസ് കേള്‍ക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്‍മാറി
ന്യൂഡല്‍ഹി: ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ അന്യായമായ വീട്ടുതടങ്കല്‍ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജി കേള്‍ക്കുന്നതില്‍ നിന്നു സുപ്രീം കോടതി ജഡ്ജി മോഹന്‍. എം. ശാന്തനാഗൗഡര്‍ പിന്‍മാറി. സഹോദരി സാറ അബ്ദുല്ല പൈലറ്റ് സമര്‍പ്പിച്ച ഹരജി ഇന്നലെ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലെത്തിയപ്പോളായിരുന്നു ശാന്തനാഗൗഡറിന്റെ അപ്രതീക്ഷിത പിന്‍മാറ്റം. ''ഞാനീ കേസ് കേള്‍ക്കില്ല,'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജമ്മുകശ്മിരിന്റെ പ്രത്യേകപദവി പിന്‍വലിച്ചതിനു പിന്നാലെ ആറു മാസത്തോളമായി വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന ഉമര്‍ അബ്ദുല്ലയുടെ തടങ്കല്‍ കാലാവധി, പൊതു സുരക്ഷാ നിയമം(പി.എസ്.എ) ചുമത്തി കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കശ്മിര്‍ ഭരണകൂടം അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഇതിനെതിരേയാണ് സഹോദരി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഉമര്‍ അബ്ദുല്ലയെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതിയുടെ മുന്‍പില്‍ ഹാജരാക്കണമെന്നമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. തന്റെ സഹോദരനെ തടവിലിട്ടത് അന്യായമായിട്ടാണ്. കഴിഞ്ഞ ആറു മാസത്തോളമായി അദ്ദേഹം വീട്ടു തടങ്കലില്‍ കഴിയുകയാണ്. അദ്ദേഹം പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദം തെളിയിക്കാനുള്ള ഒന്നും ഇതുവരെ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ജീവനും സുരക്ഷിതത്വവും ഭീഷണിയിലാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ ശങ്കരനാരായണന്‍ എന്നിവരാണ് സാറയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."