തെരഞ്ഞെടുപ്പ് പ്രചാരണം ഗള്‍ഫ് നാടുകളില്‍ സജീവമാകുന്നു
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ നാട്ടില്‍ സജീവമാകും മുന്‍പേ പ്രവാസ വോട്ടുകളും അവരുടെ കുടുംബ വോട്ടുകളും പെട്ടികളിലാക്കാനുള്ള ലക്ഷ്യവുമായി ഗള്‍ഫ് നാടുകളില്‍ പ്രചാരണം സജീവമാകുന്നു. പ്രവാസ ലോകത്തെ പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നേരത്തെ തന്നെ തുടങ്ങുകയാണിപ്പോള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളുടെ വോട്ട് ഇത്തവണ പ്രോക്‌സി വോട്ടെന്ന നിലയിലാണെങ്കില്‍ പോലും തങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രാതിനിത്യം ലഭ്യമായത് പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവാസി വോട്ടുകള്‍ ചേര്‍ക്കുകയെന്ന കാംപയിന്‍ ശക്തമാക്കി നടന്നതിന് പുറമെ നേതാക്കളെ വിവിധ ഗള്‍ഫ് നാടുകളിലേക്ക് എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് തുടക്കത്തില്‍ തന്നെ ആവേശം നല്‍കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദുബൈ സന്ദര്‍ശനം ഉണ്ടാക്കിയെടുത്ത പ്രത്യേക ആവേശം തെരഞ്ഞെടുപ്പ് കഴിയും വരെ സജീവമായി നിലനിര്‍ത്താനാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ തീരുമാനം. ദുബൈലാണ് രാഹുല്‍ ഗാന്ധി വന്നതെങ്കിലും ഗള്‍ഫ് നാടുകളില്‍ ഒന്നടങ്കം സന്ദര്‍ശിച്ചതിന്റെ പ്രതിഫലനമാണ് ഉണ്ടാക്കിയത്. ഇന്ത്യയെ പുനര്‍നിര്‍മിക്കുമെന്ന അദ്ദേഹത്തിന്റെ ആര്‍ജ്ജവത്തോടെയുള്ള പ്രഖ്യാപനങ്ങളും ആത്മ വിശ്വാസവും പ്രവാസികള്‍ക്കിടയില്‍ ഏറെ ചൂടുള്ള വാര്‍ത്തയായിരുന്നു. ഏറെ പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പരസ്പരം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി വിവിധ രാജ്യങ്ങളില്‍ നേതാക്കളെയിറക്കി പ്രചാരണം നേരത്തെ തന്നെ തുടങ്ങാനാണ് പദ്ധതി. കോണ്‍ഗ്രസ് നേതാവും എം.പി യുമായ എം.കെ രാഘവന്‍ സഊദിയില്‍ പ്രചാരണ പരിപാടികളില്‍ സംബന്ധിക്കാനെത്തി. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ജിദ്ദയിലും റിയാദിലും സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ അദ്ദേഹം പ്രസംഗിക്കും. കൂടാതെ, കോഴിക്കോട് ജില്ലാ ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധീഖ്,അഡ്വ. കെ. പ്രവീണ്‍ കുമാര്‍, അഡ്വ. പി.എം നിയാസ് എന്നിവരും വെള്ളിയാഴ്ച റിയാദിലെത്തുന്നുണ്ട്. സി.പി.എം നേതാവ് എ. വിജയരാഘവന്‍ 25ന് ദമാമിലെത്തുന്നുണ്ട്.
കഴിഞ്ഞ മാസം ജിദ്ദയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത നവോദയയുടെ പരിപാടിയും തെരഞ്ഞെടുപ്പ് പ്രചാരണമായി മാറിയിരുന്നു. കോടിയേരിയുടെ പ്രസംഗത്തില്‍ ഉടനീളം ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു. മുസ്‌ലിം ലീഗ് എം.എല്‍.എ സി. മമ്മൂട്ടിയും അടുത്തിടെ പ്രത്യേക പരിപാടികളില്‍ സംബന്ധിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ നാട്ടില്‍ നിന്നിറക്കി പ്രവാസ ലോകത്ത് നിന്നുള്ള തെരഞ്ഞെടുപ്പ് മാമാങ്കം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."