കാലിക്കറ്റ് സര്‍വകലാശാല: ഉദ്ഘാടനത്തിനൊരുങ്ങി മലബാറിലെ ആദ്യ അന്താരാഷ്ട്ര നീന്തല്‍ക്കുളം
തേഞ്ഞിപ്പലം: മലബാറിലെ ആദ്യ അന്താരാഷ്ട്ര നീന്തല്‍ക്കുളം കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ പ്രവൃത്തി പൂര്‍ത്തിയായി നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്നു. മിനുക്ക് പണികളുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ ഒഴിവിനായി കാത്തിരിക്കുകയാണെന്നാണ് ബന്ധപ്പെട്ടവരില്‍നിന്നു ലഭിക്കുന്ന വിവരം.
കായികമേഖലയില്‍ ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പ്രതിഭകളെ സമ്മാനിച്ച കാലിക്കറ്റ് സര്‍വകലാശാല ഇനി നീന്തല്‍ താരങ്ങളെയും വാര്‍ത്തെടുക്കാനുള്ള ഒരുക്കത്തിലാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ട് ഒരു മാസത്തിലധികമായി. 10 ട്രാക്കുകളോട് കൂടി 50 മീറ്റര്‍ മത്സര പൂളും 25 മീറ്റര്‍ വാം അപ് പൂളുമാണ് പ്രവൃത്തി പൂര്‍ത്തിയായിരിക്കുന്നത്. ഇതിന് അഞ്ചരകോടി രൂപയാണ നിര്‍മാണച്ചെലവ്. ചെറിയ കുട്ടികളടക്കമുള്ളവര്‍ക്ക് പരിശീലനത്തിന് സര്‍വകലാശാലയിലെ ഈ നീന്തല്‍കുളം സഹായകമാവും. മലബാറിലെത്തന്നെ ഏറ്റവും സൗകര്യപ്രദമായ നീന്തല്‍ക്കുളമായിരിക്കും ഇതെന്ന് സര്‍വകലാശാലാ കായികവകുപ്പ് മേധാവി ഡോ. വി.പി സക്കീര്‍ ഹുസൈന്‍പറഞ്ഞു.
25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പൂളിന്റെ സംഭരണ ശേഷി. ഒരു തവണ വെള്ളം നിറച്ചാല്‍ ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ശുദ്ധീകരണ സംവിധാനമുള്ള ആധുനിക രീതിയിലാണ് പൂള്‍ നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും മഴ സംഭരണത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."