വ്യാജ മരുന്നു നല്കി ചികിത്സ; പ്രധാന പ്രതിയും കൂട്ടാളിയും പിടിയില്‍
അഞ്ചല്‍(കൊല്ലം): വ്യാജമരുന്ന് നല്കി ചികിത്സ നടത്തി ഒളിവില്‍ പോയ ലാടവൈദ്യനും കൂട്ടാളിയും അറസ്റ്റിലായി. തെലങ്കാന ഖമ്മം ജില്ലയിലെ മുള്‍ക്കന്നൂര്‍ ഗുംബേലഗുഡം ചെന്നൂരി പ്രസാദ് (34), സഹോദരന് ചെന്നൂരി ഏലാദി (30) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ പ്രധാനിയടക്കം എല്ലാവരും അറസ്റ്റിലായി.
ഏരൂര്‍ പത്തടി പ്രദേശത്ത് ചെന്നൂരി പ്രസാദിന്റെ നേതൃത്വത്തിലുള്ള ലാടവൈദ്യസംഘം നിരവധിയാളുകള്‍ക്ക് മെര്‍ക്കുറിയും വേദനസംഹാരികളും വലിയ അളവില്‍ ചേര്‍ത്തുണ്ടാക്കിയ മരുന്ന് നല്കി ചികിത്സിച്ചു വരികയായിരുന്നു. ഇവരുടെ മരുന്നു കഴിച്ച നാലു വയസുള്ള കുട്ടി ഗുരുതരാവസ്ഥയിലായതോടെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗകാരണം ലാടന്മാരുടെ മരുന്നാണെന്നു കണ്ടെത്തിയ്. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നിരവധിയാളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
ഈ കേസില്‍ നേരത്തേ പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ പ്രധാനിയുടെ വിവരങ്ങള്‍ പൊലിസിന് ലഭിച്ചത്. പ്രസാദും ഏലാദിയും കേരളത്തിലുണ്ടെന്ന് വിവരം ലഭിച്ചതോടെ കഴിഞ്ഞ ദിവസം ഇവരെ പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുകയുമായിരുന്നു. ഏരൂര്‍ എസ്.എച്ച്.ഒ സുഭാഷ് കുമാര്‍, എസ്.ഐ സജികുമാര്‍, സി.പി.ഒ മാരായ അഭീഷ്, അനസ്, അജയകുമാര്‍ എന്നിവരടങ്ങിയ പൊലിസ് സംംഘമാണ് പ്രതികളെ പിടികൂടിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."