അധ്യാപക പീഡനം കടമ്പൂര്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരേ കൂട്ട ഉപവാസം
കണ്ണൂര്‍: കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുടെ നിരന്തരമായ അധ്യാപക പീഡനത്തിനെതിരേ സ്‌കൂളിലെ ഇരുപതോളം അധ്യാപകര്‍ കൂട്ട ഉപവാസത്തിലേക്ക്. നാലിന് രാവിലെ 9.30 മുതല്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരം സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി മുരളി സംസാരിക്കും. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും പ്രതിനിധീകരിച്ച് 20ഓളം അധ്യാപകരാണ് സമരത്തില്‍ പങ്കെടുക്കുക.
സമരത്തിനു പിന്തുണയുമായി സംയുക്ത അധ്യാപക സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഏതാനും മാസങ്ങളായി കടുത്ത മാനസിക പീഡനങ്ങളാണ് ഇവിടെയുള്ള അധ്യാപകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഷങ്ങളായി ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്നത്. ഇതിനെതിരേ രംഗത്തു വന്ന അധ്യാപകരെ തിരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുകയും ശമ്പളം തടഞ്ഞുവയ്ക്കുകയുമാണ്. പാനൂരിലുള്ള അധ്യാപകന്റെ വീട്ടിലേക്ക് ഗുണ്ടകളെ അയച്ച് അദ്ദേഹത്തിന്റെ മാതാവിനെയും ഭാര്യയേയും ഭീഷണിപ്പെടുത്തുന്ന സ്ഥിതിവരെ നടന്നു.
സ്‌കൂളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാനേജര്‍ ചര്‍ച്ചയ്ക്കു തയാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായി പ്രതിഷേധം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ പ്രകാശന്‍, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രാജന്‍, കെ രമേശന്‍, എം സുനില്‍കുമാര്‍, എന്‍.ടി സുധീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."