സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് സമഗ്ര പാക്കേജ്; സര്‍ക്കാര്‍ പ്രഖ്യാപനം കടലാസില്‍
കല്‍പ്പറ്റ: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു വിദ്യാഭ്യാസവും പരിശീലനവും പുനരധിവാസവും നല്‍കുന്ന സംസ്ഥാനത്തെ സ്‌പെഷല്‍ സ്‌കൂളുകളോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കു ചിറ്റമ്മ നയം.
എയ്ഡഡ് പദവി പോലുമില്ലാതെ സംസ്ഥാനത്ത് 314 സ്‌കൂളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. നിരന്തര ആവശ്യത്തെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ നൂറിലധികം കുട്ടികളുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി ഉത്തരവിറക്കിയെങ്കിലും തുടര്‍ന്നെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇതു മരവിപ്പിക്കുകയായിരുന്നു.
മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സാമൂഹ്യനീതി സെക്രട്ടറിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ക്കു സമഗ്ര പാക്കേജ് നടപ്പാക്കാനും തീരുമാനമായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു തുടര്‍നടപടികളും ഇതുവരെയുണ്ടായിട്ടില്ല.
മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നിവയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത് 6,500 രൂപ മാത്രമാണ്. എന്നാല്‍ ശ്രവണ, കാഴ്ചാ വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രതിവര്‍ഷം 1,25,000 രൂപയും ചെലവഴിക്കുന്നു. ഈ വിവേചനത്തിനെതിരേയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും കുട്ടികളുടെ രക്ഷിതാക്കളും പ്രതിഷേധമുയര്‍ത്തുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണന തുടരുകയാണ്.
സംസ്ഥാനത്ത് സ്‌പെഷല്‍ സ്‌കൂളുകളില്‍ ആറായിരത്തോളം അധ്യാപകര്‍ തുച്ഛം വേതനത്തിനാണു ജോലി ചെയ്യുന്നത്. സ്‌പെഷല്‍ സ്‌കൂളില്‍ 4,500 മുതല്‍ 6,500 രൂപ വരെയാണ് അധ്യാപകര്‍ക്കു ലഭിക്കുന്ന ശമ്പളം. എന്നാല്‍ ഇതേ യോഗ്യതയുള്ള അധ്യാപകര്‍ക്ക് ബഡ്‌സ് സ്‌കൂളുകളില്‍ 30,650 രൂപയും ഐ.ഇ.ഡിയില്‍ 28,500 രൂപയും ലഭിക്കുന്നു. മാനസിക വൈകല്യമുള്ള കുട്ടികളോടും ഇവരെ പഠിപ്പിക്കുന്ന അധ്യാപകരോടും തുടരുന്ന സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ സംസ്ഥാനതലത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സ്‌പെഷല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ജീവനക്കാരും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്നും നടപടികളുണ്ടായില്ലെങ്കില്‍ ഈ മാസം 25 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കാനുള്ള നീക്കത്തിലാണു സംയുക്ത സമര സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."