സായിപ്രസാദം രണ്ടാംഘട്ടത്തിന് ഇന്നു തുടക്കം
രാജപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി എന്മകജെ പഞ്ചായത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കുന്ന സായിപ്രസാദം ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു ഇന്നു തുടക്കമാവും. പെര്ളക്കടുത്ത കാനയിലാണു സര്‍ക്കാര്‍ പത്ത് സെന്റ് ഭൂമി വീതം അനുവദിച്ചിട്ടുള്ളത്. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 36 വീടുകളാണ് ഇവിടെ ട്രസ്റ്റ് നിര്‍മിക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായുള്ള ഭൂമി പൂജ യു.എ.ഇ എക്സ്ചേഞ്ച് ഡയറക്ടര്‍ സുധീര്‍കുമാര്‍ ഷെട്ടി രാവിലെ 10നു നിര്‍വഹിക്കും. പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷനാവും. ഒരു ലക്ഷം ലിറ്റര്‍ വരെ മഴവെള്ളം സംഭരിക്കുന്ന കൂറ്റന്‍ ജലസംഭരണിയാണു സായി ഗ്രാമത്തിന്റെ പ്രത്യേകത. ആംഫി തിയറ്റര്‍, ബഡ്സ് സ്കൂള്‍, ആശുപത്രി, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് എന്നിവയാണ് ഇവിടെ നിര്‍മിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാക്കി തിരുവോണ നാളില്‍ ഗുണഭോക്താക്കള്‍ക്കു നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നു ട്രസ്റ്റ് എക്സിക്യുട്ടിവ് ഡയരക്ടര്‍ കെ ആനന്ദകുമാര്‍, കോര്‍ഡിനേറ്റര്‍ കെ മധുസൂദനന്, പ്രസിഡന്റ് കെ ദാമോദരന്‍ എന്നിവര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 36 കുടുംബങ്ങള്‍ക്കു ട്രസ്റ്റ് നിര്‍മിച്ചു നല്കിയ വീടുകളോടനുബന്ധിച്ചാണ് ഈ പദ്ധതികള്‍ വരുന്നത്. ഇതു പൂര്‍ത്തിയാക്കി സായി പ്രസാദം മൂന്നാംഘട്ടം കോടോംബേളൂര്‍ പഞ്ചായത്തില്‍ ഉടന്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."