സഊദിയില്‍ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; കഴിഞ്ഞവര്‍ഷം ജീവനൊടുക്കിയ 78 ഇന്ത്യക്കാരില്‍ 22 മലയാളികള്‍
റിയാദ്: സഊദിയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കൂടുന്നതായി കണക്കുകള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആത്മഹത്യാ നിരക്കുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2016 ല്‍ 78 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തതെന്ന് എംബസി രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 22 ഉം മലയാളികളാണെന്നതും ഞെട്ടിപ്പിക്കുന്നതാണ്. കുടുംബ പ്രശ്‌നങ്ങളും തൊഴില്‍ പരമായ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും വട്ടിപ്പലിശയും എല്ലാം പ്രവാസികളുടെ മാനസിക നില തകര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരോ വര്‍ഷവും രണ്ടായിരത്തിലേറെ ആളുകള്‍ സഊദിയില്‍ മരിക്കുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 2767 ഇന്ത്യന്‍ പൗരന്മാരാണ് മരിച്ചത്. റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കണക്കാണിത്.
സഊദിയില്‍ ആകെയുള്ള ഇന്ത്യാക്കാരുടെ എണ്ണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 3,053,567 ആണ്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചത് 390 പേരില്‍ 47 ആളുകള്‍ മലയാളികളാണ്. ജോലിസ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ മരിച്ചത് 78 പേരില്‍ 13 മലയാളികളാണുള്ളത്. വിവിധ പ്രശ്‌നങ്ങളില്‍ കൊല്ലപ്പെട്ട 12 ആളുകളില്‍ നാലുപേര്‍ മലയാളികളാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."